ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പ പരമ്പരയ്ക്കു ശേഷം ഭൂമിയുടെ പുറന്തോടില്‍ രണ്ടു വലിയ വിടവുകളുണ്ടായെന്നു പഠനം. തുര്‍ക്കി- സിറിയ അതിര്‍ത്തി മുതലാണു വിടവുകള്‍ ഉണ്ടായത്. ഫെബ്രുവരി ആറിനു സംഭവിച്ച, കാല് ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഭൂകമ്പത്തിന്റെ ബാക്കിപത്രമാണു വിടവുകള്‍. ബ്രിട്ടനിലെ സെന്റര്‍ ഫോര്‍ ഒബ്സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് ഓഫ് എര്‍ത്ത് ക്വേക്ക്സ് വോള്‍ക്കാനോസ് ആന്‍ഡ് ടെക്ടോണിക്സാണ് വിടവുകള്‍ കണ്ടെത്തിയത്.
Read Also: ’30 വർഷം കൊണ്ട് 250 സിനിമകളിൽ അഭിനയിച്ചു, ഇന്റർവെൽ ബാബു എന്ന വിളി പ്രശ്നമില്ല’: ഇടവേള ബാബു
സെന്റിനല്‍ 1 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂകമ്പത്തിനു മുന്‍പും ശേഷവും പകര്‍ത്തിയ ഉപഗ്രഹചിത്രങ്ങള്‍ തമ്മില്‍ താരതമ്യപഠനം നടത്തിയാണ് ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിച്ചേര്‍ന്നത്. ഇതില്‍ ഏറ്റവും നീളമുള്ള വിടവ് 300 കിലോമീറ്റര്‍ നീളമുണ്ട്. മെഡിറ്ററേനിയന്‍ കടലിന്റെ വടക്കുകിഴക്കന്‍ മുനമ്പ് വരെ ഇതു നീണ്ടു കിടക്കുന്നു. തിങ്കളാഴ്ചത്തെ ഭൂകമ്പ പരമ്പരയില്‍ ആദ്യത്തേതിന്റെ ആഘാതം കൊണ്ടാണ് ഈ വിടവ് സൃഷ്ടിക്കപ്പെട്ടത്. 7.8 ആയിരുന്നു ഈ ഭൂകമ്പത്തിന്റെ തീവ്രത.
9 മണിക്കൂറിനു ശേഷം സംഭവിച്ച 7.5 തീവ്രതയുള്ള ഭൂകമ്പത്തിന്റെ ഫലമായാണ് രണ്ടാമത്തെ വിടവ് ഉടലെടുത്തത്. ഇത്തരം ഭൗമവിടവുകള് ഭൂകമ്പത്തിനു ശേഷം സാധാരണമാണെന്ന് ബ്രിട്ടനിലെ സെന്റര്‍ ഫോര്‍ ഒബ്സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് ഓഫ് എര്‍ത്ത് ക്വേക്ക്സ് വോള്‍ക്കാനോസ് ആന്‍ഡ് ടെക്ടോണിക്സിലെ പ്രഫസറായ ടിം റൈറ്റ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതിന്റെ വലുപ്പം വളരെ കൂടുതലാണ്.
ഭൂകമ്പങ്ങള്‍ മൂലം പുറന്തള്ളപ്പെട്ട വലിയ ഊര്‍ജത്തിന്റെ സാക്ഷ്യപത്രമാണ് ഈ വിടവുകള്‍. ഇത്രയും തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങള്‍ അടുത്തടുത്ത് സംഭവിക്കുന്നതും അപൂര്‍വതയാണ്. വിടവുകളുടെ ചിത്രങ്ങള്‍ പ്രദേശത്തെ ശാസ്ത്രജ്ഞരും തങ്ങളുടെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
സൈപ്രസിനു വടക്കായുള്ള മേഖല അനറ്റോളിയന്‍, അറേബ്യന്‍, ആഫ്രിക്കന്‍ ടെക്ടോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമാണ്. അതിനാല്‍ തന്നെ ഇവിടെ ഭൂകമ്പസാധ്യതയും കൂടുതലാണ്.
Post Your Comments