കോഴിക്കോട് : എന്ത് പണിയാണ് അവര്‍ ചെയ്യുന്നത്? കമ്മീഷനടി മാത്രം. ചിന്തയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റിലേയ്ക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന് കലക്ടറേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചും സുരേന്ദ്രന് രംഗത്തെത്തി. കേരളത്തിലെ പശുക്കള്‍ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രന് പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയും ചെയ്യുന്ന സര്‍ക്കാര്‍ വന്‍ കിടക്കാരെ തൊടുന്നില്ല. മാഫിയ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്.
സിഎജി റിപ്പോര്‍ട്ട് നികുതി പിരിവിലെ വീഴ്ച വ്യക്തമാക്കുന്നു. ഒരുപാട് തുക കേന്ദ്രം കേരളത്തിനു നല്‍കുന്നുണ്ട്. ശബരിപാതയ്ക്ക് മാത്രം 100 കോടിയാണ് നല്‍കുന്നത്. ജനവികാരം മനസിലാക്കി നികുതി വര്‍ദ്ധനവ് പിന്‍വലിക്കണം. അല്ലാത്തപക്ഷം ഹര്‍ത്താല്‍ അടക്കം കേരള സ്തംഭിപ്പിക്കുന്ന സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന് പറഞ്ഞു.
Post Your Comments