ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ പ്രതികരണം അറിയിച്ചു. സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി നിസ്‌കരിക്കുന്നതിന് ഇസ്ലാമില്‍ തടസമില്ലെന്നും എന്നാല്‍ പുരുഷന്മാര്‍ക്കൊപ്പം നിന്ന് നിസ്‌കരിക്കാന്‍ അനുമതിയില്ലെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.
പൂനെയിലെ ഒരു മുസ്ലീം അഭിഭാഷകയാണ് പള്ളിയില്‍ നിസ്‌കരിക്കാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതികരണം തേടുകയായിരുന്നു. ഹര്‍ജിയില്‍ വൈകാതെ കോടതി വിധി പ്രസ്താവിക്കും. ‘സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിയ സ്ഥലത്ത് നിസ്‌കരിക്കാം. നിയമ പിന്‍ബലമില്ലാത്ത ഹര്‍ജിയാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.’ മതപരമായ ആരാധന നടത്തുന്നത് സ്വകാര്യ വ്യക്തികളോ ഒരു കൂട്ടം പേരോ ചേര്‍ന്ന് നടത്തുന്ന പള്ളികളും മറ്റുമാണെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു.
മുസ്ലീം സ്ത്രീകള്‍ അഞ്ച് നേരവും പള്ളിയിലെത്തി നമസ്‌കരിക്കണം എന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല. അല്ലെങ്കില്‍ വെള്ളിയാഴ്ചകളിലെ പ്രാര്‍ഥനയ്ക്ക് മുസ്ലീം സ്ത്രീകള്‍ നിര്‍ബന്ധമായും എത്തണം എന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുമില്ല. ഈ രണ്ട് കാര്യങ്ങളും മുസ്ലിം പുരുഷന്മാര്‍ക്ക് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. സ്ത്രീകള്‍ക്ക് പള്ളിയിലും വീട്ടിലും നമസ്‌കരിക്കാന്‍ ഇസ്ലാം അനുമതി നല്‍കുന്നുണ്ടെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഫര്‍ഹ അന്‍വര്‍ ഹുസൈന്‍ ശൈഖ് എന്ന അഭിഭാഷകയാണ് പള്ളിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടി 2020ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കാത്തത് നിയമവിരുദ്ധവും ഭരണഘടാന വിരുദ്ധവുമാണ് എന്നായിരുന്നു അവരുടെ നിലപാട്.
Post Your Comments