ജുനാഗഢ്: കലാപക്കേസില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എക്ക് ആറുമാസം തടവ് ശിക്ഷ. സോമനാഥിലെ നിയമസഭാംഗമായ വിമല്‍ ചുഡാസമക്കും മറ്റു മൂന്നുപേര്‍ക്കുമാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തടവ് ശിക്ഷ വിധിച്ചത്.
ചുഡാസമയും സംഘവും 2010 നവംബര്‍ 7ന് റിവോള്‍വറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് പരാതിക്കാരനായ മീറ്റ് വൈദ്യയെ ആക്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍. ചോര്‍വാഡ് പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ പരാതിക്കാരനെയും മറ്റ് ചിലരെയും ആക്രമിച്ചെന്നും അവരുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കുക), 147 (കലാപം) എന്നിവ പ്രകാരം ചുഡാസമയും കൂട്ടുപ്രതികളായ ഹിതേഷ് പര്‍മര്‍, മോഹന്‍ വധേര്‍, റാംജി ബെറോ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷയ്‌ക്കെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments