ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. ഹുബ്ബള്ളി-ധര്‍വാഡ് (ഈസ്റ്റ്) എംഎല്‍എയായ പ്രസാദ് അബ്ബയ്യയാണ് കര്‍ണാടക നിയമസഭയില്‍ ആവശ്യമുന്നയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ രംഗത്തെത്തി.വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് പ്രസാദ് അബ്ബയ്യ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.
മൈസൂരു വിമാനത്താവളം ടിപ്പുവിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് അബ്ബയ്യ ആവശ്യപ്പെട്ടതിന് പിന്നാലെ സഭയില്‍ ബിജെപി അംഗങ്ങള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു.. കര്‍ണാടകയിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പ്രമുഖ വ്യക്തികളുടെ പേരിടാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്ന പ്രമേയം വ്യാഴാഴ്ച കര്‍ണാടക നിയമസഭ ഐക്യകണ്ഠേന പാസാക്കിയിരുന്നു.
ഹുബ്ബള്ളി വിമാനത്താവളം ക്രാന്തിവീര സംഗൊല്ലി രായണ്ണയുടെയും ബെലഗാവി വിമാനത്താവളം കിറ്റൂര്‍ റാണി ചെന്നമ്മയുടെയും ശിവമോഗ വിമാനത്താവളം രാഷ്ട്രകവി ഡോ കെ വി പുട്ടപ്പയുടെയും വിജയപുര വിമാനത്താവളം ശ്രീ ജഗദ്ജ്യോതി ബസവേശ്വരയുടെയും പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
എന്നാൽ മൈസൂരു വിമാനത്താവളം ടിപ്പു സുൽത്താന്റെ പേരിൽ ആകണമെന്ന ആവശ്യത്തെ തുടർന്ന്, ഇരുവിഭാഗങ്ങള്‍ക്കുമിടയിൽ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കാൻ കാരണമായി. ഒടുവില്‍ മൈസൂരു എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാനായി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു
Post Your Comments