ബദിയടുക്ക: നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ച യുവതിയെ സ്വര്‍ണത്തിനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായി. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം.ആന്റോ സെബാസ്റ്റ്യനെയാണ് (40) അറസ്റ്റ് ചെയ്തത്. മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാളുടെ അറസ്റ്റ്.
ജനുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് സൈബര്‍ സെല്‍ പോലീസും ബദിയടുക്ക പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ തിരുവനന്തപുരത്തുനിന്ന് ആന്റോ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ താൻ നീതുവിനെ കൊലപ്പെടുത്തിയ ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി എന്നാണ് ആന്റോ പറയുന്നത്. ഇഷ്ടപ്പെട്ട വ്യക്തികളോട് ഭ്രാന്തമായ സ്നേഹം കാട്ടിയിരുന്ന ആളായിരുന്നു ആന്റോ.
നീതുവിനെ കൊലപ്പെടുത്തിയശേഷം നീതുവിനോടുള്ള സ്നേഹം ഇരട്ടിച്ചുവെന്നും, അതുകൊണ്ടാണ് രണ്ടുദിവസം നീതുവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയതെന്നും ആന്റോ പറഞ്ഞു. നീതുവിന്റെ ഒരുപവന്റെ കൈചെയിനിന് വേണ്ടിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകം. തലയ്ക്ക് അടിച്ചുവീഴ്ത്തിയ നീതുവിനെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു ആന്റോ. മരിച്ചതോടെ നീതുവിന്റെ മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതു സാധിക്കാതെ വന്നതോടെയാണ് ഇയാൾ ഒളിവിൽ പോകാൻ ശ്രമിച്ചത്.
Post Your Comments