പിണറായി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. സർവ്വസാധനങ്ങൾക്കും വില വർദ്ധിക്കുന്ന രീതിയിലുള്ള ബജറ്റ് പ്രഖ്യാപനം ജനദ്രോഹപരമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇപ്പോഴിതാ, സാധാരണക്കാരായ മദ്യപാനികളെ ബുദ്ധിമുട്ടിപ്പിക്കുന്ന മദ്യ വില വർദ്ധനവിനെതിരെ അരയുംതലയും മുറുക്കി രംഗത്തിറങ്ങുകയാണ് ആൾ കേരള മദ്യപാന അനുകൂല സംഘടന എന്ന എകെഎംഎഎസ്. സംസ്ഥാന ബജറ്റില്‍ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരുമെന്ന് വ്യക്തമായി. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് ബജറ്റില്‍ വീണ്ടും വില വര്‍ധിപ്പിച്ചത്.
പ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ടുകൾ. ദിവസവേതനത്തിൻ്റെ നല്ലൊരു ഭാഗം മദ്യത്തിന് പോകുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് ഈ തീരുമാനം വന്നതിന് പിന്നാലെ വാദങ്ങൾ ഉയർന്നിരുന്നു. മദ്യപാനികളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന വിലക്കയറ്റമാണ് കേരളത്തിൽ വീണ്ടുമുണ്ടായിരിക്കുന്നതെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി പുളിയറക്കോണം ഹരികുമാർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
സംസ്ഥാനത്ത് എന്ത് സാമ്പത്തിക പ്രശ്നം വന്നാലും മദ്യത്തിന് വിലകൂട്ടിയാണ് അതിനു പരിഹാരം കാണുന്നത്. മദ്യപാനികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതുകയാണ് സർക്കാർ. സുനാമി വരുമ്പോഴും പ്രളയം വരുമ്പോഴുമെല്ലാം മദ്യപാനികളുടെ മേൽ വലിയ ഭാരമാണ് സർക്കാർ അടിച്ചേൽപ്പിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ഞായറാഴ്ച നടക്കുന്ന സംഘടനയുടെ യോഗത്തിൽ വമ്പൻ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനമെടുക്കുകയാണ്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു പ്രകടനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും കേരളം ഞെട്ടുമെന്നും പുളിയറക്കോണം ഹരികുമാർ വ്യക്തമാക്കി.
എകെ ആൻ്റണി നിർത്തലാക്കിയ മില്ലി ഷാപ്പുകൾ കേരളത്തിൽ തിരിച്ചുകൊണ്ടു വരണം. കേരളത്തിലെ സമാധാനപരമായ സാമൂഹിക അന്തരീക്ഷം തിരിച്ചുകൊണ്ടുവരണമെങ്കിൽ പഴയ മില്ലിഷാപ്പുകൾ തിരിച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ്. ഈ ആവശ്യവും പ്രതിഷേധ പ്രകടനത്തിൽ ഞങ്ങൾ ഉൾപ്പെടുത്തും. കാരണം സംസ്ഥാനത്തെ യുവാക്കളെ മയക്കുമരുന്നിന് അടിമകളാകാൻ വിട്ടുകൊടുക്കാനാകില്ലെന്നും പുളിയറക്കോണം ഹരികുമാർ വ്യക്തമാക്കുന്നു. വില വർദ്ധിക്കുംതോറും മദ്യപാനം കുറയുമെന്ന സർക്കാർ വാദത്തെ എകെഎംഎഎസ് ജനറൽ സെക്രട്ടറി പരിഹസിച്ചു.
ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കാശുള്ളവൻ കൂടുതൽ പണംമുടക്കി മദ്യപിക്കും. മറ്റുള്ളവർ മദ്യത്തിനു പകരം മറ്റു മാർഗ്ഗങ്ങളിലേക്ക് കടക്കും. അങ്ങനെയുള്ളവർ മയക്കുമരുന്നിന് അടിമകളായി സമുഹത്തിന് ബാധ്യതകൾ ഉണ്ടാക്കും. ഇത്തരത്തിലൊരു നീക്കം കേരളത്തിൻ്റെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കും. മദ്യം വിലകുറച്ചു കൊടുക്കുകയാണ് ഇതിനുള്ള മാർഗ്ഗം. മദ്യം കഴിക്കുന്നത് മയക്കുമരുന്നൊക്കെ ഉപയോഗിക്കുന്നതുപോലെ പ്രശ്നമുള്ള കാര്യമല്ലെന്ന് ആർക്കാണ് അിറിയാത്തത് – ഹരികുമാർ ചോദിക്കുന്നു.
Post Your Comments