തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. സിപിഎം പ്രവർത്തകനായ കാരിക്കോട് ഉള്ളാടംപറമ്പിൽ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പിൽ അൻസൽ അഷ്റഫ് (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തൊടുപുഴ എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 3.200 കിലോ കഞ്ചാവും കഠാരയും വടിവാളും ഉൾപ്പെടെ മാരകായുധങ്ങളും മുളക് സ്പ്രേയും പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്ന് വൻ തോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മജീഷ് അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദ്, പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ദേവദാസ്, കെ.പി.ജയരാജ്, കെ.പി.ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുബൈർ, മുഹമ്മദ് റിയാസ്, പി.എസ്.അനൂപ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അപർണ ശശി, ഡ്രൈവർ അനീഷ് ജോണ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments