രാജ്യത്ത് 2022 ഡിസംബർ മാസത്തിൽ 36 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ ഏകദേശം 50 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ഡിസംബറിൽ മാത്രം ലഭിച്ച പരാതികളുടെ എണ്ണം 1,607 എണ്ണമാണ്. 167 പരാതികൾക്കെതിരെ നടപടി സ്വീകരിച്ചതായി വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
2022 നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡിസംബറിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം കുറവാണ്. നവംബറിൽ 37 ലക്ഷം അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ, ഡിസംബറിൽ 36,77,000 അക്കൗണ്ടുകൾ മാത്രമാണ് നിരോധിച്ചത്. വാട്സ്ആപ്പിലെ ‘റിപ്പോർട്ട്’ എന്ന ഫീച്ചറിലൂടെയാണ് ഉപയോക്താക്കളുടെ നെഗറ്റീവ് ഫീഡ്ബാക്കുകൾ വാട്സ്ആപ്പ് കണ്ടെത്തുന്നത്. കൂടാതെ, +91 ഫോൺ നമ്പർ ഇന്ത്യൻ അക്കൗണ്ടുകളെ തിരിച്ചറിയാൻ പ്രത്യേകം സഹായിക്കും.
ഇന്ത്യയിൽ ഏർപ്പെടുത്തിയ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. കമ്പനിയുടെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് വാട്സ്ആപ്പ് നേരത്തെ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ വാട്സ്ആപ്പിന് പ്രത്യേക പരാതി സെൽ ഉണ്ട്.
Post Your Comments