കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമാ നിരൂപകരിൽ ഒരാളാണ് ഉണ്ണി വ്ലോഗ്സ്. അടുത്തിടെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ തുടർച്ചയായി ഉണ്ണി വ്ലോഗ്‌സിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു. മേപ്പടിയാൻ സിനിമയുടെ കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന രാഷ്ട്രീയം സംസാരിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുമാണ് ‘മാളികപ്പുറം’ വിവാദങ്ങളിലേക്ക് ഉണ്ണിയുടെ പേരും വലിച്ചിഴയ്ക്കപ്പെടാൻ കാരണമായത്. ഉണ്ണി മുകുന്ദൻ തന്റെ ജോലി കളഞ്ഞു എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, അത് പൂർണമായും സത്യമല്ലെന്നും അത്തരം പ്രചാരണങ്ങൾ ഉണ്ണി മുകുന്ദന് ബുദ്ധിമുട്ടാകുമെന്നും പറയുകയാണ് ഉണ്ണി വ്ലോഗ്സ്.
‘ഉണ്ണി മുകുന്ദൻ സഹകരിക്കുന്ന സിനിമകളെക്കുറിച്ച് മേലിൽ സംസാരിക്കില്ല. ഷഫീഖിന്റെ സന്തോഷം, മാളികപ്പുറം എന്നീ സിനിമകൾ കണ്ടില്ല. കാണാൻ ഉദ്ദേശവുമില്ല. ഉണ്ണി മുകുന്ദനുമായി എനിക്ക് ഒരു പ്രശ്നവുമില്ല. മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട് ചെയ്ത നിരൂപണത്തിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ആ സിനിമ നിരൂപണത്തിന് പിന്നാലെ ഉണ്ണി മുകുന്ദൻ എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു. ദേഷ്യത്തിൽ സംസാരിച്ചു. എന്തൊക്കെയോ ബഹളം വെച്ചു.
സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ സിനിമയ്ക്ക് അകത്തെ രാഷ്ട്രീയത്തെ കുറിച്ചല്ലാതെ, കേന്ദ്ര സർക്കാറിന്റെ ബജറ്റിനെ കുറിച്ച് സംസാരിക്കാൻ കഴിയില്ല. ഉണ്ണി മുകുന്ദൻ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഞാൻ എവിടെയും പറയാനോ വീഡിയോ ഇടാനോ നിന്നിട്ടില്ല. മാളികപ്പുറം ഫാൻസിനെ കൊണ്ട് ഒരു രക്ഷയുമില്ല. അസഭ്യമായ ഭാഷയിലാണ് എന്നോട് മിക്കവാറും സിനിമ കാണാത്തതിന് തെറി പറയുന്നത്. മാളികപ്പുറം ഞാൻ കാണാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ഉള്ളിൽ കമ്മി കിടക്കുന്നത് കൊണ്ടോ എനിക്ക് സുടാപ്പികളെ പേടിയുള്ളത് കൊണ്ടോ അല്ല. ആരെയും പേടിയില്ല’, ഉണ്ണി പറയുന്നു.
Post Your Comments