കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചുണ്ടായ കാർ അപകടത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. ഓടിക്കൊണ്ടിരുന്ന കാറിൽ സഞ്ചരിക്കുകയായിരുന്ന പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും ആണ് കാറിൽ തീ പടർന്നതോടെ വെന്തുമരിച്ചത്. അപകടത്തിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ സുരേഷ് മഠത്തിൽ വളപ്പിൽ എന്നയാളുടെ പേരിൽ പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് ശ്രദ്ധ പിടിക്കുന്നത്.
അഗ്നിശമന യന്ത്രം ഉൾപ്പെടുത്താത്ത വണ്ടി അപകടത്തിൽ പെട്ടാൽ ഇൻഷൂറൻസ് കിട്ടില്ല എന്നൊരു നിയമം കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേ ഇത്തരം വിഷയങ്ങളിൽ ഉള്ളൂ എന്നും, അങ്ങനെയെങ്കിൽ സമാനമായ അപകടങ്ങൾ ഒഴിവാക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. അഗ്നിശമന യന്ത്രം ഉൾപ്പെടുത്താത്ത വണ്ടി അപകടത്തിൽ പെട്ടാൽ ഇൻഷൂറൻസ് കിട്ടില്ല എന്നൊരു നിയമം കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേ ഇത്തരം വിഷയങ്ങളിൽ ഉള്ളൂ എന്നും, അങ്ങനെയെങ്കിൽ സമാനമായ അപകടങ്ങൾ ഒഴിവാക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. വാഹന സുരക്ഷയുടെ ഭാഗമായി ഡ്രൈവർക്കു സമീപം സൂക്ഷിക്കേണ്ട അഗ്നിശമന ഉപകരണം കാറിൽ ഉണ്ടായിരുന്നെങ്കിൽ അപകടത്തെ വളരെ വേഗത്തിൽ തരണം ചെയ്യാൻ കഴിഞ്ഞേനെ എന്നാണ് പോസ്റ്റിൽ പറയുന്നത്.
വൈറൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഏതാണ്ട് നാലഞ്ചു മാസം മുൻപാണ് വാഹനത്തിന്റെ പെർമിറ്റ് പുതുക്കുന്നതിന്റെ ഭാഗമായി ഞാൻ അബുദാബി മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുന്നത്.
ഇങ്ങനെ വാഹനത്തിന്റെ പെർമിറ്റ് പുതുക്കാനായി ഓരോ വർഷവും നമ്മൾ ഗതാഗത വകുപ്പിനെ സമീപിക്കണം, അവരുടെ എൻജിനീയർമാർ വാഹനത്തിന്റെ അടി മുതൽ മുടി വരെ അരിച്ചു പരിശോധിക്കും, ആധുനീക കംപ്യൂട്ടറുകളുടെ സഹായത്തോടെ ടയറുകളുടെയും, എന്ജിന്റെയും കാര്യക്ഷമത വിലയിരുത്തും, എന്തിന് പെയിന്റ് മങ്ങിയിട്ടുണ്ടെങ്കിൽ പോലും അക്കാര്യം പരിഹരിച്ച ശേഷമേ അടുത്ത ഒരു വർഷം നിരത്തിൽ ഇറങ്ങാനുള്ള അനുമതി കിട്ടൂ.
അതുകൊണ്ടുതന്നെ ഈ പരിശോധനക്ക് മുൻപായി ഞാൻ വണ്ടി ഒരു വർക്ക്‌ഷോപ്പിൽ കൊണ്ടുപോയി മൊത്തത്തിൽ ഒരവലോകനം നടത്തി, അൽപ്പം പഴക്കം ചെന്ന നാല് ടയറുകളും മാറ്റി, പിന്നെ വണ്ടിയുടെ അകവും പുറവും ഒക്കെ മൊത്തത്തിൽ ഒന്ന് കുളിപ്പിച്ച് വൃത്തിയാക്കി, പിന്നെ അനുസരണയുള്ള കുട്ടിയായി പരിശോധനക്ക് ക്യൂ നിന്നു.
” ടയറുകളൊക്കെ പുതിയതാണല്ലോ” എന്ന് പറഞ്ഞു പരിശോധകനായ ഉദ്യോഗസ്ഥൻ എന്റെ നേരെ വലതുകൈയുടെ തള്ളവിരൽ ഉയർത്തി വിജയചിഹ്നം കാണിച്ചു.
ഞാൻ അഭിമാനത്തോടെ ചുറ്റുമുള്ളവരെ നോക്കി നെഞ്ചുവിരിച്ചു നിന്നു.
ഉദ്യോഗസ്ഥൻ ഇപ്പോൾ വാഹനത്തിന്റെ ഡോർ തുറന്നു അകത്തു പരിശോധന നടത്തുകയാണ്, എല്ലാം കഴിഞ്ഞു എന്റെ റിസൾട്ട് പ്രിന്റു ചെയ്ത കടലാസുമായി അദ്ദേഹം എന്റെ അടുത്തേക്ക് വന്നു.
കടലാസിലേക്ക് നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി, നാല് പുതുപുത്തൻ ടയർ മാറ്റി ഇട്ടിട്ടും, വേണ്ടുന്ന ചില്ലറ അറ്റകുറ്റപ്പണികൾ ഒക്കെ ചെയ്തിട്ടും ഞാൻ എട്ടുനിലയിൽ പൊട്ടിയിരിക്കുന്നു.
കാരണം ആരാഞ്ഞപ്പോഴാണ് പൂച്ച പുറത്തു ചാടുന്നത്.
വാഹന സുരക്ഷയുടെ ഭാഗമായി ഡ്രൈവർക്കു സമീപം സൂക്ഷിക്കേണ്ട അഗ്നിശമന ഉപകരണം ഞാൻ വാങ്ങി വച്ചിട്ടുണ്ടായിരുന്നില്ല.
നേരെ കടയിൽ പോയി അത്തരം ഒരു ഉപകരണം വാങ്ങി വണ്ടിയിൽ വച്ചു, ഇത്തവണ ഞാൻ എ പ്ലസ്സോടുകൂടി പാസാവുകയും ചെയ്തു.
ഇനി നമ്മുടെ നാട്ടിലേക്ക് വരാം.
ഇന്നാണ് ഒരു ഗർഭിണി അടക്കം രണ്ടുപേർ അതി ദാരുണമായി ഒരു കാറിനുള്ളിൽ വെന്തെരിഞ്ഞ സംഭവം നമ്മുടെ നാട്ടിൽ ഉണ്ടായത്. ഒരു പക്ഷെ മേൽപ്പറഞ്ഞ, ചെറിയ വില മാത്രം ഉള്ള ഒരുപകരണം ആ കാറിൽ ഉണ്ടായിരുന്നു എങ്കിൽ വിലപ്പെട്ട രണ്ടു ജീവൻ നമുക്ക് രക്ഷിക്കാമായിരുന്നു.
വാഹനം എന്നത് വൈദ്യതിയും, ഇന്ധനവും ഒന്നിച്ചു ഉപയോഗിക്കുന്ന ഒരു സംവിധാനമാണ്. എത്ര ആധുനികമായ വാഹനം ആണെങ്കിലും അതിനു സ്വയം അഗ്നി ബാധിക്കാനുള്ള സാധ്യത ഉണ്ട്, ഇക്കാര്യം എല്ലാ ഓട്ടോമൊബൈൽ എൻജിനീയർമാർക്കും അറിയാവുന്ന കാര്യവുമാണ്.
എന്നിട്ടും നമ്മുടെ നാട്ടിലെ മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം നിർബ്ബന്ധമാക്കിയതായി അറിവില്ല, ഉണ്ടെങ്കിൽ തിരുത്തണം.
എന്നാൽ ഒന്നുറപ്പാണ്.
ഇനിയങ്ങോട്ട് കുറച്ചു ദിവസം ഈ വിഷയത്തിൽ അങ്ങേയറ്റത്തെ ജാഗ്രതയും പരിശോധനയും ആയിരിക്കും.
ഇത് മോട്ടോർ വാഹന വകുപ്പിന്റെ മാത്രം പ്രശ്നമല്ല, നമ്മുടെ വ്യവസ്ഥിതിയുടെ പ്രശ്നമാണ്.
കാടിനു സമീപം ക്യാമ്പ് ചെയ്ത വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ നാം ക്യാമ്പിങ് നിരോധിച്ചു.
പാലക്കാട്ടൊരു ചങ്ങാതി മലയിൽ കയറി താഴോട്ടു വീണപ്പോൾ നാം ട്രാക്കിങ് നിരോധിച്ചു.
ബൈക്കിനു പിന്നിലിരുന്ന ഒരാൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എതിരാളിയെ വെട്ടിക്കൊന്നപ്പോൾ മൂന്നു ദിവസം പാലക്കാട് ജില്ലയിൽ ഇരുചക്രവാഹനങ്ങളിൽ രണ്ടു പേർ യാത്ര ചെയ്യുന്നത് നിരോധിച്ചു, ആ വകയിൽ എനിക്കും കിട്ടി ഒരു ഫൈൻ.
ഇക്കഴിഞ്ഞ രണ്ടു ദിവസം ഹോട്ടലുകളിൽ പഴയ ഭക്ഷണം അനേഷിച്ചുള്ള പരിശോധനകളായിരുന്നു, ഇപ്പോൾ അതേക്കുറിച്ചു ഒന്നും കേൾക്കാനില്ല.
ഇനി പഴയ ഷവർമ്മയോ, സുനാമി ഇറച്ചിയോ കഴിച്ചു രണ്ടുമൂന്നു പേർ മരണപ്പെടുമ്പോൾ നമ്മൾ വീണ്ടും വേഷം കെട്ടി ഇറങ്ങും ..
ഇതാണ് പറഞ്ഞത് നമുക്ക് വെറും ആരംഭ ശൂരത്വം മാത്രമേ ഉള്ളൂ എന്ന്.
അഗ്നിശമന യന്ത്രം ഉൾപ്പെടുത്താത്ത വണ്ടി അപകടത്തിൽ പെട്ടാൽ ഇൻഷൂറൻസ് കിട്ടില്ല എന്നൊരു നിയമം കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളൂ.
എന്താടോ ശേഖരാ നന്നാവാത്തെ …?
Post Your Comments