KeralaLatest NewsNews

‘ജാവദേക്കർക്ക് ചായ കുടിക്കാൻ ഇ പിയുടെ മകന്റെ ഫ്ലാറ്റ് എന്താ ചായപ്പീടികയോ?’: പരിഹാസവുമായി കെ. സുധാകരൻ

കണ്ണൂർ: ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്ന സംഭവത്തിൽ പരിഹാസവുമായി വീണ്ടും കെ സുധാകരൻ. ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വീട്ടിലെത്തിയ ജാവദേക്കറുമായി രാഷ്ട്രീയമല്ലാതെ പിന്നെ രാമകഥയാണോ സംസാരിച്ചതെന്നും സുധാകരൻ ചോദിച്ചു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം.

ഇ പി ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ ജയരാജനെ ഒതുക്കാൻ ശ്രമം നടന്നു. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തില്‍ വലിയ കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു.

‘ജാവദേക്കർ ഉൾപ്പെടെയുള്ളവരെ കണ്ടതായി അദ്ദേഹം സമ്മതിച്ചല്ലോ. പിന്നെ എങ്ങനെയാണു ഗൂഢാലോചനയാണെന്ന് പറയുന്നത്? എന്തിനാണ് അയാൾ കാണാൻ വന്നത്? ചായ കുടിക്കുന്നു, ഒരുമിച്ചു സംസാരിക്കുന്നു. എന്തിനാണ് ഇതൊക്കെ? രാഷ്ട്രീയം പറഞ്ഞില്ലെന്നാണ് അവകാശപ്പെടുന്നത്. പിന്നെ രാമകഥയാണോ പറഞ്ഞത്? ഈ കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? വലിയ ഒരു സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? അതു ചുമ്മാ കൊടുത്തതാണോ? അല്ലല്ലോ. ഒരു കാര്യം പറയുമ്പോൾ വ്യക്തത വേണം.

‘എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തണമെന്ന് ആഗ്രഹമൊന്നുമില്ല. അറിഞ്ഞ യാഥാർത്ഥ്യം പുറത്തുപറഞ്ഞു എന്നല്ലാതെ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കൂട്ടിച്ചേർത്തോ അദ്ദേഹത്തെ ഒന്നു നാറ്റിച്ചുകളയാം എന്ന് വിചാരിച്ചോ ഒന്നുമല്ല ഇതെല്ലാം പറഞ്ഞത്. അത്തരമൊരു വെളിപ്പെടുത്തൽ വന്നപ്പോൾ അദ്ദേഹം ഒന്നും സംസാരിക്കാതിരുന്ന ചുറ്റുപാടിൽ ഞാൻ പ്രതികരിച്ചുവെന്നേയുള്ളൂ. പക്ഷേ, എനിക്ക് വിവരം ലഭിച്ചതൊക്കെ യാഥാർത്ഥ്യമാണ്. ആ വിവരമെല്ലാം സത്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു’, സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button