വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
c. അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. കുട്ടികളുടെ സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി.
നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇവരെ വീടുകളിലേക്ക് വിട്ടയക്കുകയാണ് ചെയ്തത്. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്.
സ്കൂളിലെ ഭക്ഷണ മെനുവിനെതിരെ കുട്ടികൾ പരാതിപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. സ്കൂളിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം, തൃശ്ശൂരിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലും ഭക്ഷ്യവിഷബാധയെന്ന് സംശയം. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം.
വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ജനുവരി 26-നും 27-നുമായി ഹോസ്റ്റലിലുള്ള നൂറോളം കുട്ടികൾക്കാണ് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. 26-ന് രാവിലെയോ ഉച്ചക്കോ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറഞ്ഞു. വെള്ളത്തിന്റെ സാമ്പിളും കുട്ടികളുടെ വിസർജ്യങ്ങളും മൈക്രോബയോളജി ലാബിലേക്ക് അയച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ആളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തി.
Post Your Comments