
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയുമായി ആർവൈഎഫ്. ദിവ്യ എസ് അയ്യരുടേത് ഗുരുതരമായ സർവ്വീസ് ചട്ടലംഘനമെന്ന് RYF തൃശൂർ ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു. റവല്യൂഷനറി യൂത്ത് ഫ്രണ്ട് തൃശ്ശൂർ ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയാണ് പരാതി നൽകിയത്. ഔദ്യോഗിക പദവിയിൽ ഇരുന്ന് കൊണ്ട് ഭരണവർഗപാർട്ടി പ്രീണനം നടത്തുന്നത് തെറ്റാണെന്ന് പരാതിയിൽ പറയുന്നു.
ദിവ്യ എസ് അയ്യർക്കെതിരെ ശക്തമായ സർവീസ് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കഴിഞ്ഞ ദിവസമാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ പോസ്റ്റ് പങ്കുവെച്ചത്.
കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം എന്ന തലക്കെട്ടോടെയായിരുന്നു ഇൻസ്റ്റഗ്രാം കുറിപ്പ്. ഇതിന് പിന്നാലെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ നിന്നടക്കം രൂക്ഷ വിമർശനമാണ് ദിവ്യക്കെതിരെ ഉയർന്നത്. ഐഎഎസ് ഓഫീസർമാർരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ പോലും സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടപടിയെടുത്തതുപോലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ഭിന്നിപ്പും കക്ഷി രാഷ്ട്രീയ പാദസേവകത്വവും പ്രചരിപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ ശക്തമായ സർവീസ് നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
Post Your Comments