പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. നെടുമങ്ങാട്ടെ നസീർ ഹോട്ടൽ ഉടമ നസീറിനെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം.

ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത് എന്ന് മനസ്സിലായി. ഇതോടെ ഹോട്ടൽ ഉടനെ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. അടച്ചു പൂട്ടുന്നതിന് പകരം നോട്ടീസ് നൽകണം എന്നായിരുന്നു ഹോട്ടൽ ഉടമയുടേയും ഭാര്യയുടേയും നിലപാട്. എന്നാൽ, ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകാൻ ചട്ടമില്ലെന്നും ലൈസൻസ് എടുത്ത ശേഷം പ്രവർത്തിക്കണമെന്നും ഉദ്യോഗസ്ഥർ ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടു.

ഇതോടെ ഹോട്ടൽ ഉടമയും ഭാര്യയും ജീവനക്കാരും ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ഉടമ അസഭ്യം പറയുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് പിന്നീട് ഹോട്ടൽ പൂട്ടിച്ചത്.

Share
Leave a Comment