ശബരിമലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം

ശബരിമല: ശബരിമല ഭണ്ഡാരത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം മുതലുള്ള നാണയങ്ങള്‍ ഉണ്ട്. ദേവസ്വം ബോര്‍ഡിനു ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ഥാടനമാണ് ഇത്തവണ. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി രൂപയായിരുന്നു. നാണയങ്ങള്‍ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണു ദേവസ്വം ഉദ്യോഗസ്ഥര്‍.

ഒരേ മൂല്യമുള്ള നാണയങ്ങള്‍ പലതരത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങള്‍ ഉണ്ട്. തീര്‍ഥാടകരുടെ വലിയ തിരക്കില്‍ സോപാനത്തെ വലിയ ചെമ്പില്‍ അയ്യപ്പന്മാര്‍ അര്‍പ്പിച്ച കാണിക്കയും കിഴിക്കെട്ടുകളും കുമിഞ്ഞു കൂടിയതാണു കണ്‍വെയര്‍ബെല്‍റ്റില്‍ ഞെരുങ്ങി നോട്ടുകള്‍ കീറാന്‍ കാരണമായത്.

ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയ 13,14,15 തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ഇന്നലെ വരെയുള്ള വരുമാനം 315.46 കോടി രൂപയായി ഉയര്‍ന്നു. നോട്ട് എണ്ണുന്നതിനു ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്. എന്നാലും എണ്ണിത്തീരുന്നില്ല. അന്നദാന മണ്ഡപത്തിലെ ഒരു മുറിയില്‍ കൂടി ഇന്നലെ കാണിക്ക എണ്ണല്‍ തുടങ്ങി. 3 ഭാഗത്തായി മല പോലെ നാണയങ്ങള്‍ കുമിഞ്ഞു കൂടി കിടക്കുന്നതിനാല്‍ നാളെ ക്ഷേത്ര നട അടച്ചാലും എണ്ണിത്തീരില്ല എന്നാണ് റിപ്പോര്‍ട്ട്.

 

 

Share
Leave a Comment