ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, എക്‌സ്‌യുവി 400- ന്റെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മോഡലിന്റെ ഷോറൂം വില 15.99 ലക്ഷം രൂപയാണ്. ജനുവരി 26 മുതലാണ് ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുക. ആദ്യം ബുക്ക് ചെയ്യുന്ന 5,000 പേർക്ക് പ്രാരംഭ വിലയിൽ തന്നെ വാഹനം സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. വാഹനത്തിന് മൂന്ന് വർഷവും, ബാറ്ററിക്കും മോട്ടോറിനും എട്ട് വർഷവുമാണ് വാറന്റി.
അടിസ്ഥാന വകഭേദമായ ഇസി 3.3 ചാർജർ ഓപ്ഷൻ 15.99 ലക്ഷം രൂപ (റേഞ്ച് 376 കിലോമീറ്റർ), 7.2 ചാർജർ ഓപ്ഷൻ 16.49 ലക്ഷം, ഇഎൽ 18.99 ലക്ഷം (റേഞ്ച് 456 കിലോമീറ്റർ) എന്നിങ്ങനെയാണ് ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 34 നഗരങ്ങളിലാണ് വാഹനങ്ങൾ ലഭിക്കുക. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ ഷോറൂമുകളിലാണ് ഈ മോഡൽ എത്തുന്നത്.
Also Read: കാണാതായ ഗൃഹനാഥനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments