ന്യൂഡല്‍ഹി: ഇന്ത്യൻ വാക്സിനുകൾ പിന്തുണയ്ക്കാത്ത കോൺഗ്രസ് വിദേശവാക്സിനുകള്‍ക്ക് അനുമതി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്താണ് വിദേശവാക്സിനുകള്‍ക്കായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഫൈസര്‍ സി.ഇ.ഒ ആല്‍ബര്‍ട്ട് ബൊറുളയുടെ വിഡിയോ പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖര്‍ ആരോപണം ഉന്നയിച്ചത്. സ്വിറ്റസര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പരിപാടിയില്‍വെച്ച് ഫൈസര്‍ വാക്സിന്റെ കാര്യക്ഷമതയെ കുറിച്ച് സി.ഇ.ഒയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
എല്ലാ ഇന്ത്യക്കാരും ഇത് ഓര്‍മിക്കണം. ഫൈസര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ചിദംബരം, ജയറാം രമേശ് എന്നിവരും വിദേശ വാക്സിനായി സമ്മര്‍ദം ചെലുത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. 2021ല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന സമയത്ത് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ക്ക് പുറമേ വിദേശവാക്സിന് കൂടി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഈ കത്ത് പരാമര്‍ശിച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ വിമര്‍ശനം. കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് അഞ്ച് കോടി ഡോസ് വാക്സിന്‍ നല്‍കാമെന്ന് ഫൈസര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍, മന്ത്രിയുടെ ആരോപണം അസംബന്ധമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
Post Your Comments