തിരുവനന്തപുരം: തിരുവനന്തപുരം പേട്ട സി.ഐ റിയാസ് രാജയെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായത് ഗുണ്ടയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധമെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ഇറക്കിയ ഉത്തരവില്‍ സ്വഭാവദൂഷ്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.
പേട്ട എസ്.എച്ച്.ഒ ആയിരിക്കെ റിയാസ് രാജ വെണ്‍പാലവട്ടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചെന്നും ലുലുമാളിനടുത്തെ അനധികൃത മസാജ് സെന്ററില്‍ സ്ത്രീയുമായി സന്ദര്‍ശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഗുണ്ടാലിസ്റ്റില്‍ പെട്ടയാളുടെ ഭാര്യയുമായി സി.ഐ സൗഹൃദത്തിലാണെന്നും ഇത് പൊലീസിന് ചേര്‍ന്നതല്ലെന്നും ഇന്റലിജന്‍സും കണ്ടെത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിയാസിനെ സ്ഥലംമാറ്റണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതേക്കുറിച്ച് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയത്.
ഇത്തരം ആരോപണങ്ങള്‍ ഉയരാനുണ്ടായ സാഹചര്യം സൃഷ്ടിച്ചതിലൂടെ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്ക ലംഘനവുമുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഗുണ്ടാലിസ്റ്റിലുള്ളയാളുടെ ഭാര്യയുമായി പൊലീസ് ഉദ്യോഗസ്ഥന് നിരക്കാത്ത സൗഹൃദം റിയാസ് പുലര്‍ത്തി. ഈ സ്ത്രീ മദ്യപിച്ച് പൊതുജനമദ്ധ്യത്തില്‍ വച്ച് അവര്‍ക്ക് സി.ഐയുമായി ബന്ധമുണ്ടെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതായി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നതതല അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യമായെന്ന് എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.
Post Your Comments