തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
Read Also: ക്രഷർ തട്ടിപ്പുകേസ്: പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഇത് മറ്റ് സര്‍വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്നും ബിന്ദു പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments