പാലക്കാട്: സിവില്‍പോലീസ് ഓഫീസര്‍ അവധിചോദിച്ചതിന് സി.ഐ. അവഹേളിക്കുകയും ബൈക്കിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.
നെല്ലിയാമ്പതി പാടഗിരി പോലീസ് സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസറായ സന്ദീപിന് സി.ഐ. കിരണ്‍സാം അവധി നല്‍കിയില്ലെന്നാണ് ആക്ഷേപം. അവധി നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ സി.ഐ. എടുത്തുകൊണ്ടുപോയതായും പറയുന്നു.
സംഭവം അറിഞ്ഞ നെല്ലയാമ്പതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫും സ്ഥിരംസമിതി അധ്യക്ഷന്‍ പി. സഹനാഥനും സ്റ്റേഷനിലെത്തി ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിച്ചില്ല.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പാടഗിരി സ്റ്റേഷനിലെത്തി എസ്.പി.യുമായി സംസാരിച്ചശേഷമാണ് പ്രശ്‌നത്തില്‍ അയവുവന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരുവരും ജില്ലാ പോലീസ് മേധാവിയുടെ മുന്നില്‍ ഹാജരായിരുന്നു. അതേസമയം, ഇരുവരും പരാതി നല്‍കിയിട്ടില്ല. ഇതിനിടെ സി.ഐ. മൂന്നുദിവസത്തേക്ക് അവധിയില്‍ പ്രവേശിച്ചു. സന്ദീപും മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു.
Post Your Comments