ന്യൂഡല്‍ഹി: നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെ വിമാനത്താവളത്തിന്റെ നിര്‍മ്മിതിയെ കുറിച്ചും റണ്‍വേയുടെ പോരായ്മയെ കുറിച്ചുമെല്ലാം ചര്‍ച്ചകളാണ് ഇപ്പോള്‍. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രമാര്‍ഗവും വിമാനയാത്ര തന്നെ. ഓരോ വര്‍ഷത്തിലും റോഡ്, റെയില്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ ചെറിയൊരു ശതമാനം പോലും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നില്ല എന്നതാണ് സത്യം. എങ്കിലും വിമാനയാത്രയോട് ആളുകള്‍ക്ക് എന്നും പേടിയാണ്.
Read Also: ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി കുവൈത്ത്
ലോകത്തിലെ ഏറ്റവും അപകടകരമായ 10 എയര്‍പോര്‍ട്ട് റണ്‍വേകള്‍ ഇതാ…
ടെന്‍സിംഗ്-ഹിലാരി വിമാനത്താവളം, നേപ്പാള്‍
ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നാണ് ലുക്ല എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന നേപ്പാളിലെ ടെന്‍സിംഗ്-ഹിലാരി വിമാനത്താവളം ( Tenzing Hillary Airport ). 9,500 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ചെറിയ വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമെന്ന് വിളിക്കുന്നു. എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യത്തെ രണ്ട് മലകയറ്റക്കാരായ ടെന്‍സിംഗ് നോര്‍വേയുടെയും എഡ്മണ്ട് ഹിലരിയുടെയും പേരിലാണ് ഇത് അറിയപ്പെടുന്നത്. ട്രെക്കിംഗുകള്‍ക്ക് പേരുകേട്ട ഇടമാണിത്. ചെറിയ പട്ടണമായ ലുക്ല എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള കവാടമാണ്.
ടിബറ്റിലെ കുംബോ ബണ്ട
സമുദ്രനിരപ്പില്‍ നിന്ന് പതിനാലായിരം അടി ഉയരത്തിലാണ് ടിബറ്റിലെ കുംബോ ബണ്ട (kumbu banda Airport) വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷെ ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാണിജ്യ വിമാനത്താവളം. ഇവിടെ വില്ലന്‍ ഓക്സിജനാണ്. വിമാനത്താവളം ഇത്ര ഉയരത്തിലാണ് എന്നതിനാല്‍ തന്നെ ഓക്സിജന്റെ ലഭ്യത കുറവാണ്. ഇത്രയും മുകളിലേക്ക് എത്തുമ്പോള്‍ പലപ്പോഴും ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നത് ലാന്‍ഡിങ് സമയത്തിന് മുന്‍പ് എന്‍ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. യാത്രക്കാരെ സംബന്ധിച്ചും പൈലറ്റുമാരെ സംബന്ധിച്ചും ഇതത്ര നല്ല അനുഭവമല്ല.
പാരോ, ഭൂട്ടാന്
പരിശീലനം ലഭിച്ച ഏതൊരു പൈലറ്റിനും വിമാനം പറത്താനും വിമാനമിറക്കാനും എല്ലാ വിമാനത്താവളത്തിലും അനുമതിയുണ്ട്, ഒരു വിമാനത്താവളത്തിലൊഴിച്ച്. ഭൂട്ടാനിലെ പാരോ ( paro airport ) വിമാനത്താവളമാണിത്. ഈ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ 8 പൈലറ്റുമാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ഇതില്‍ നിന്നുതന്നെ അപകട ഭീഷണി തിരിച്ചറിയാം. ശരാശരി 5500 മീറ്റര്‍ ഉയരമുള്ള പര്‍വതങ്ങളും 1870 മീറ്റര്‍ മാത്രം നീളമുള്ള റണ്‍വേയുമാണ് ഈ വിമാനത്താവളത്തെ അപകടം പിടിച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
സെന്റ് മാര്ട്ടീന് വിമാനത്താവളം
കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടീനിലെ പ്രിന്‍സസ് ജൂലിയാന രാജ്യാന്തര വിമാനത്താവളം ബീച്ചിനരികിലൂടെ വന്ന് റണ്‍വേയിലേക്കിറങ്ങുന്ന വിമാനങ്ങളുടെ ദൃശ്യങ്ങള്‍ കൊണ്ട് പ്രശസ്തമാണ് ( princess juliana international airport ). ഹോളണ്ടിന്റെ കീഴിലുള്ള ഈ ദ്വീപിന്റെ സ്ഥലപരിമിതി തന്നെയാണ് ബീച്ചിനോട് ചേര്‍ന്ന് വിമാനത്താവളം നിര്‍മിക്കാന്‍ കാരണമായതും. ശ്രദ്ധിച്ച് ലാന്‍ഡു ചെയ്തില്ലെങ്കില്‍ വിമാനം കടലില്‍ കിടക്കും എന്ന സ്ഥിതി ഇവിടെയും ഉണ്ട്. 2100 മീറ്ററാണ് ഇവിടുത്തെ റണ്‍വേയുടെ നീളം. ബോയിങ് ഒഴികെയുള്ള വിമാനങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്യും. 2500 മീറ്ററാണ് ബോയിങ് വിമാനങ്ങള്‍ ലാന്‍ഡു ചെയ്യാനുള്ള റണ്‍വേയുടെ ഏറ്റവും കുറഞ്ഞ നീളം.
ടോണ്കോണ്ടിന് വിമാനത്താവളം, ഹോണ്ടുറാസ്
പൈലറ്റുമാര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വിമാനത്താവളമാണ് ഹോണ്ടുറാസിലെ ടോണ്കോണ്ടിന് ( toncontin airport ). ഉയരം കൂടിയതും കുത്തനെയുള്ളതുമായ മലയുടെ അടിവാരത്താണ് വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യേണ്ടത്. സാധാരണ വിമാനത്താവളങ്ങളിലുള്ളതു പോലെ നേരെ വന്ന് റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയില്ല. വളഞ്ഞെത്തിയാണ് റണ്‍വേയിലേക്ക് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യിക്കുക. അതുകൊണ്ടുതന്നെ എത്ര വിദഗ്ധനായ പൈലറ്റും ഇവിടേയ്ക്കെത്തുമ്പോള്‍ ജാഗരൂകരാകും. കാരണം ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ അപകടം വരുത്തി വച്ചേക്കാം.
ഫ്രാന്‍സിലെ കോര്‍ഷ് വെല്‍
ഹോണ്ടുറാസിലേത് മലയടിവാരത്തിലെ വിമാനത്താവളമാണെങ്കില്‍ ഫ്രാന്‍സിലെ കോര്‍ഷ് വെലിലെത് മലമുകളിലാണ് ( courchevel airport ). ആല്‍പ്സ് പര്‍വതനിരയില്‍ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിന് ചുറ്റും വന്‍ മലയിടുക്കുകളാണ്. ഇതിനെല്ലാം അപ്പുറം വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മിച്ചിരിക്കുന്നത് ഇറക്കത്തിലാണ്. കൂടാതെ റണ്‍വേയുടെ നീളമാകട്ടെ വെറും 525 മീറ്ററും. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടില്‍ അവസാനിക്കുന്ന റണ്‍വേയിലൂടെയാണ്. അതുകൊണ്ടുതന്നെ ഏതൊരു യാത്രക്കാരന്റെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ് ഈ കാഴ്ച, ഒപ്പം പൈലറ്റിന്റെയും.
ജിബ്രാള്‍ട്ടര്‍ രാജ്യാന്തര വിമാനത്താവളം
സ്വതവേ തന്നെ വിമാനം ലാന്‍ഡിങ്ങും ടേക്കോഫും അപകടം പിടിച്ച പരിപാടികളാണ്. അപ്പോള്‍ ഇതിനിടയില്‍ തിരക്കേറിയ ഒരു റോഡു കൂടി പോകുന്നുണ്ടെങ്കില്‍ എന്താകും അവസ്ഥ. ജിബ്രാള്‍ട്ടറിലെ ( gibraltar airport ) രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡിങ് ആരംഭിക്കുന്നത് സമുദ്രത്തിന് നടുവില്‍ നിന്നാണ്. ഇവിടെ ലാന്‍ഡ് ചെയ്ത് എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിനിടെയാണ് തിരക്കേറിയ റോഡു കടന്നുപോകുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സിഗ്നല്‍ തെളിഞ്ഞ് വാഹനങ്ങളെ തടയുകയാണ് ഇവിടെ ചെയ്യുന്നത്. എങ്കിലും പലപ്പോഴും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ മറ്റു പരിഹാരങ്ങള്‍ സാധ്യവുമല്ല.
ഗിസ്ബോണ്‍, ന്യൂസിലന്റ്
ജിബ്രാള്‍ട്ട് വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് കുറുകെ റോഡാണെങ്കില്‍ ഗിസ്ബണില്‍ ഇതു റെയില്‍ പാളമാണ് ( gisborne airport new zealand ). റണ്‍വേയ്ക്ക് കുറുകെ റെയില്‍ പാളം ഉള്ള ലോകത്തെ മൂന്നു വിമാനത്താവളങ്ങളില്‍ ഒന്നാണ് ഗിസ്ബോണ്‍. മറ്റ് രണ്ടും തിരക്ക് കുറഞ്ഞവയാണെങ്കില്‍ ഗിസ്ബോണ്‍ തിരക്കേറിയ രാജ്യാന്തര വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ അടിക്കടി ട്രെയിനുകളും വിമാനങ്ങളും പരസ്പരം പാതകള്‍ മുറിച്ചു കടന്നുപോകും. അതിനാല്‍ അപകട സാധ്യതയുമേറും. കൃത്യമായ ഇടവേളകളില്‍ ട്രെയിനിന്റെയും വിമാനത്തിന്റെയും സമയം ക്രമീകരിച്ചാണ് ഈ പ്രതിസന്ധി അധികൃതര്‍ മറികടക്കുന്നത്.
അന്റാര്‍ട്ടിക്കയിലെ മക്മര്‍ഡോ
എത്തിച്ചേരാന്‍ ഏറ്റവും വിഷമം പിടിച്ച ഭൂവിഭാഗമാണ് അന്റാര്‍ട്ടിക്. കപ്പലിലുള്ള യാത്ര ചിലപ്പോള്‍ മാസങ്ങള്‍ വരെ നീണ്ടേക്കാം. ഈ സാഹചര്യത്തില്‍ അന്റാര്‍ട്ടിക്കിലെ വിമാനത്താവളം അനിവാര്യമാണ്. എന്നാല്‍ മഞ്ഞു നിറഞ്ഞ കാലാവസ്ഥ വിമാനങ്ങള്‍ക്ക് വെല്ലുവിളിയും. ഈ വെല്ലുവിളി തന്നെയാണ് അന്റാര്‍ട്ടിക്കിലെ വിമാനത്താവളമായ മക്മര്‍ഡോയെ അപകടം പിടിച്ചതാക്കുന്നതും ( mcMurdo AirStation Antarctica ). ഐസിന്റെ മുകളിലാണ് വിമാനം ലാന്റുചെയ്യുക. അതുകൊണ്ട് തന്നെ തെന്നിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇതു കൂടാതെ മിക്കപ്പോഴുമുള്ള ഇരുട്ട് നിറഞ്ഞ അന്തരീക്ഷവും തണുത്തുറഞ്ഞ കാലാവസ്ഥയും വെല്ലുവിളികളാണ്.
അഗത്തി, ലക്ഷദ്വീപ്
ലോകത്തെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ലക്ഷദ്വീപിലെ അഗത്തി ( agatti airport ) വിമാനത്താവളവും. നാലായിരം അടി നീളം മാത്രമുള്ള അഗത്തി വിമാനത്താവളം ലോകത്തിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. ചെറുവിമാനങ്ങള്‍ക്ക് മാത്രം ഇറങ്ങാന്‍ കഴിയുന്ന ഈ വിമാനത്താവളത്തിന്റെ മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. അപകടം പിടിച്ചതെങ്കിലും അതിനൊപ്പം മനോഹരമായ കാഴ്ച ഒരുക്കുന്ന വിമാനത്താവളം കൂടിയാണ് അഗത്തി. ലക്ഷദ്വീപിലെ 36 ദ്വീപുകളിലേക്ക് എത്താനുള്ള ഏക വിമാനമാര്‍ഗവും അഗത്തിയാണ്.
Post Your Comments