അഞ്ചൽ: പട്ടാപ്പകൽ വീട്ടിൽക്കയറി കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. അഞ്ചൽ നെടിയറ സജി വിലാസത്തിൽ സജീവിന്റെ ഭാര്യ വത്സലക്കാണ് (54) വെട്ടേറ്റത്. ഇവരുടെ പരിസരവാസിയായ ബിനുവാണ് (മൊട്ട ബിനു -42) ആക്രമണം നടത്തിയത്.
ആക്രമണത്തിൽ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവും മർദനവുമേറ്റ വത്സലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Also : പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തും: നടപടികളുമായി അധികൃതർ
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പിക്-അപ്പ് ലോറിയിലെത്തിയ ബിനു വത്സലയുടെ വീടിന്റെ മുറ്റത്തുവെച്ചിരുന്ന ചെടിച്ചട്ടികൾ തകർത്തു. പോർച്ചിൽ കിടന്ന കാറിന്റെ ചില്ലുകൾ തകർക്കുന്ന ശബ്ദം കേട്ട് വീടിന്റെ പിന്നിൽ നിന്നെത്തിയ വത്സലയെ വെട്ടുകയും പട്ടിക കഷണം കൊണ്ട് തല്ലുകയുമായിരുന്നു.
ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ബിനു പിക്-അപ്പ് ലോറിയുമായി രക്ഷപ്പെട്ടു. സാമ്പത്തിക ഇടപാടുകളാണ് ആക്രമണ കാരണമെന്നാണ് നിഗമനം. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു.
Post Your Comments