സിംഗപ്പൂരിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ച് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമ ഓഫീസ് ഒഴിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന നിർദ്ദേശം നൽകിയത്. ഏഷ്യാ- പസഫിക് മേഖലയിലെ ആസ്ഥാനമായ സിംഗപ്പൂർ ഓഫീസ് ക്യാപിറ്റഗ്രീൻ ബിൽഡിംഗിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
കെട്ടിടവുമായി ബന്ധപ്പെട്ട കരാർ ഡിസംബർ 16- ന് അവസാനിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമ ട്വിറ്റർ മേധാവിക്ക് നോട്ടീസ് നൽകിയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ വാടക കുടിശ്ശിക പൂർണമായും നൽകണമെന്നാണ് കെട്ടിട ഉടമ ആവശ്യപ്പെട്ടത്. എന്നാൽ, കുടിശ്ശിക നൽകാൻ മസ്ക് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് കെട്ടിട ഉടമയുടെ നേതൃത്വത്തിൽ ഓഫീസ് ഒഴിപ്പിച്ചത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള തീരുമാനം ഇ- മെയിൽ മുഖാന്തരം അറിയിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ ഓഫീസിനു പുറമേ, സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ട്വിറ്റർ ഹെഡ്ക്വാർട്ടേഴ്സിന്റെ വാടക നൽകാത്തതിനാൽ കെട്ടിട ഉടമ പരാതി നൽകിയിരുന്നു. ഏകദേശം 136,250 ഡോളറായിരുന്നു വാടക കുടിശ്ശിക.
Also Read: നീലച്ചായയുടെ ആരോഗ്യ ഗുണങ്ങള്‍ ഇതാ
Post Your Comments