
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ കര്‍ണാടക പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായി എന്നാണു പ്രഥമിക വിലയിരുത്തല്‍.
Read Also: ആഢംബര ജീവിതത്തിനായി മയക്കുമരുന്ന് വില്‍പ്പന: അറസ്റ്റിലായ ബ്ലെസിക്ക് സിനിമ മേഖലയുമായി ബന്ധം
കഴിഞ്ഞ ദിവസം, കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. വാഹനത്തിന്റെ ചവിട്ടുപടിയില്‍ നിന്ന് കൈവീശി അഭിവാദ്യം ചെയ്തു മുന്നോട്ട് പോയിരുന്ന മോദിക്കു മുന്നിലേക്കു സുരക്ഷാ ബാരിക്കേഡ് മറികടന്നാണ് പൂമാലയുമായി 15 വയസ്സുകാരന് ഓടിയടുത്തത്. പ്രധാനമന്ത്രിയുടെ കയ്യകലത്തിലെത്തിയ ബാലനില്‍നിന്നു മാല ഏറ്റുവാങ്ങാന്‍ അദ്ദേഹം കൈനീട്ടിയെങ്കിലും എസ്പിജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ്) ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏല്പിക്കുകയായിരുന്നു.
സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ഇന്നലെ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി. വിമാനത്താവളത്തില്‍നിന്നു യുവജനോത്സവവേദിയായ റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ടിലേക്കാണ് റോഡ് ഷോ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ ഫിറോസ്പുരില്‍ കര്‍ഷകര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് നിര്‍ത്തിയിടേണ്ടി വന്നിരുന്നു. ഇതേത്തുടര്‍ന്നു സുരക്ഷാ സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments