മലപ്പുറം: കുടുംബക്കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മേലാറ്റൂർ സ്വദേശി മൻസൂർ അലി പിടിയിലായി. മേലാറ്റൂര്‍ സ്വദേശിനി റൂബിനയെയാണ് ഭര്‍ത്താവ് മന്‍സൂര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവർ തമ്മിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നു. ഇന്ന് രണ്ടു പേരും കോടതിയിൽ ഹാജരായിരുന്നു. നേരത്തെയും വധശ്രമങ്ങൾ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നും അവർ പറഞ്ഞു.
കോടതിയിൽ കൗൺസിലിംഗിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മേലാറ്റൂര്‍ സ്വദേശികളായ മൻസൂര്‍ അലിയും റുബീനയും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് കുട്ടികളാണുള്ളത്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. രണ്ടുപേരും കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിംഗിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇന്ന് വധശ്രമം നടന്നത്.
Read Also : യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇന്ന് ഇരുവരോടും കോടതിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. കോടതി പരിസരത്തുവച്ച് ഇരുവരും തമ്മില്‍ കുട്ടികളെ ചൊല്ലി തര്‍ക്കം ഉണ്ടായി. തുടര്‍ന്ന്, റുബീന വിവരം പൊലീസില്‍ അറിയിച്ചു. എന്നാല്‍, പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും വാങ്ങി കൈവശം സൂക്ഷിച്ച പെട്രോള്‍ റുബീനയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്നവര്‍ തട്ടിമാറ്റിയതോടെയാണ് അപകടം ഒഴിവായത്.
സംഭവത്തിന് പിന്നാലെ മന്‍സൂറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റുബീനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായും വധശ്രമം ഉള്‍പ്പടെയുളള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments