തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നിൽ പലിശ കുരുക്ക്. പലപ്പോഴായി പലിശക്കെടുത്ത 12 ലക്ഷം രൂപയുടെ കടം പെരുകി 60 ലക്ഷം രൂപയുടെ ബാധ്യതയായി തീർന്നതോടെയാണ് കഠിനംകുളം പടിഞ്ഞാറ്റുമുക്ക്ചിറയ്‌ക്കൽ കാർത്തികയിൽ പി.രമേശ് (50), ഭാര്യ ജി.സുലജ കുമാരി (48), മകൾ ആർ.എസ്.രേഷ്‌മ (23) എന്നിവർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ദുബായിൽ ഡ്രൈവറായിരുന്ന രമേശൻ കഴിഞ്ഞ ദിവസമാണ് തിരികെ വന്നത്. സുലജ സ്വകാര്യ സ്കൂളിൽ ആയയായിരുന്നു.
പലിശക്കുരുക്ക് താങ്ങാനാവാതെ ദമ്പതികളും യുവതിയായ മകളും വീടിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കി. കഠിനംകുളം പടിഞ്ഞാറ്റുമുക്ക്ചിറയ്‌ക്കൽ കാർത്തികയിൽ പി.രമേശ് (50), ഭാര്യ ജി.സുലജ കുമാരി (48), മകൾ ആർ.എസ്.രേഷ്‌മ (23) എന്നിവരാണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. പ്രവാസിയായ രമേശ് വ്യാഴാഴ്ച രാവിലെയാണ് ദുബായിൽ നിന്നെത്തിയത്. സുലജ സ്വകാര്യ സ്കൂളിൽ ആയയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സുലജയുടെ പിതാവ് സുരേന്ദ്രൻ കടംവാങ്ങി തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ ആരംഭിക്കുന്നത്. വിദേശത്തുപോകാൻ വേണ്ടിയായിരുന്നു വർഷങ്ങൾക്കു മുമ്പ് സുരേന്ദ്രൻ പണം പലിശയ്ക്കെടുത്തത്.
തിരികെ വന്നശേഷം പതിനേഴേമുക്കാൽ സെന്റ് വസ്‌തു വാങ്ങി വീട് പണിതു. ഇതടക്കം ആകെ 12 ലക്ഷം രൂപയായിരുന്നു ബാധ്യത. വീട് സ്‌ത്രീധനമായി നൽകിയപ്പോൾ കടവും സുലജയുടെ തോളിലായി. ബാദ്ധ്യതയെപ്പറ്റി രമേശിന് അറിയില്ലായിരുന്നു. ഇതിനിടയിൽ കടംതീർക്കാനായി സുലജ വീണ്ടും കടംവാങ്ങി തുടങ്ങി. 22 പേർക്കാണ് പണം നൽകാനുണ്ടായിരുന്നത്. ദുബായിൽ ഡ്രൈവറായിരുന്ന രമേശ് ഏഴ് വർഷം മുമ്പ് അവധിക്ക് വന്നപ്പോൾ പലിശക്കാർ വീട്ടിലെത്തി ബഹളം വച്ചു. തുടർന്ന് ഏറെക്കാലം രമേശും സുലജയും പിണക്കത്തിലായിരുന്നു. പിന്നീട് രമേശും കടം വാങ്ങി.
ഒരാൾക്ക് മാസം 46,000 രൂപ പലിശ കൊടുത്തിരുന്നു. കിടപ്പാടം വിറ്റ് കടം തീർക്കാനായി ശ്രമം. പണവുമായി സ്ഥലം വിടുമെന്ന് ആരോപിച്ച് കടം കൊടുത്ത ചിലർ കേസ് കൊടുത്തതോടെ വില്പന നടന്നില്ല. ലോണെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. ആർക്കൊക്കെ പണം കൊടുക്കാനുണ്ടെന്ന്മകൻ രോഹിത്തിന്റെ മുറിയിലെ മേശപ്പുറത്ത് എഴുതിവച്ചശേഷമാണ് ജീവനൊടുക്കിയത്. തോന്നയ്‌ക്കൽ എ.ജെ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും ചെണ്ട കലാകാരനുമായ ഇളയ മകൻ രോഹിത്ത് തമിഴ്‌നാട്ടിൽ ചെണ്ടമേളത്തിന് പോയതിനാൽ വീട്ടിലുണ്ടായിരുന്നില്ല. രേഷ്മ സർക്കാർ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ പി എസ് സി കോച്ചിംഗിനും പോകുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ജനൽ ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട അയൽക്കാരാണ് തീ ആളുന്നത് കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന സുലജകുമാരിയുടെ മാതാപിതാക്കളായ സുരേന്ദ്രനും സുജാതയും ഉണർന്നു. അയൽക്കാർ കിടപ്പുമുറിയുടെ വാതിൽ ചവിട്ടിതുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാതിലിൽ അലമാര ചേർത്തുവച്ചിരുന്നു. തീപടർന്ന് വാതിൽ ഇളകിയതോടെയാണ് അകത്തു കയറാനായത്. രമേശന്റെ മൃതദേഹം ചുവരിനോട് ചേർന്നും സുലജയുടെയും രേഷ്‌മയുടെയും മൃതദേഹങ്ങൾ കട്ടിലിലുമായിരുന്നു.
Post Your Comments