തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരായ വിവാദങ്ങളിൽ പ്രതികരിച്ച് എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് രംഗത്ത്. ചട്ടം ലംഘിച്ച് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത തന്നെ തെളിവുകളോടെ മറുപടി പറഞ്ഞിട്ടും അവർക്കെതിരെ തുടരുന്ന അധിക്ഷേപം കടുത്തതാണെന്ന് ബ്രിട്ടാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘മാന്യതയുടെ അതിരുകൾ കടന്ന അധിക്ഷേപങ്ങൾ തുടരുകയാണെന്നും പറയുന്നതും ചെയ്യുന്നതും തെറ്റാണ് എന്ന് ബോധ്യമുണ്ടായിട്ടും ഒരു കൂട്ടം യുവതലമുറ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു എന്നത് സങ്കടകരമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഈ ആക്രമണങ്ങൾ അഴിച്ചുവിടുന്നവർക്ക് എന്നാണ് ഇനി നേരം വെളുക്കുകയെന്നും ബ്രിട്ടാസ് ചോദിച്ചു.
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണയാണെന്ന തെളിവുകൾ പുറത്ത് വന്നു. ചട്ടം ലംഘിച്ച് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന ചിന്തയുടെ തെളിവോടെയുള്ള മറുപടിയിൽ ഫുൾ സ്റ്റോപ്പിടേണ്ട വിഷയത്തിൽ നമ്മൾ കണ്ടത് വ്യക്തിഹത്യയുടേയും ലൈംഗിക അധിക്ഷേപത്തിന്റെയും നിലയ്ക്കാത്ത കമന്റുകളാണ്.
രാഷ്ട്രീയ വിയോജിപ്പുകൾക്ക് ഒരു സ്ത്രീയുടെ ജോലി,ശമ്പളം,വേഷവിധാനം,സുഹൃത്തുക്കൾ എന്നിങ്ങനെ സ്‌കാൻ ചെയ്യപ്പെടുന്ന വിഷയങ്ങൾ ഏറെയാണ്. മാന്യതയുടെ അതിരുകൾ കടന്ന അധിക്ഷേപങ്ങൾ തുടരുകയാണ്. പറയുന്നതും ചെയ്യുന്നതും തെറ്റാണ് എന്ന് ബോധ്യമുണ്ടായിട്ടും ഒരു കൂട്ടം യുവതലമുറ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു എന്നത് സങ്കടകരവുമാണ്.
രാഷ്ട്രീയപ്രവർത്തകയായ എന്റെ സുഹൃത്ത് ചിന്തയെ സപ്പോർട് ചെയ്യുക എന്നത് രാഷ്ട്രീയ ഉത്തരവാദിത്വത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്.സാമൂഹ്യ മാധ്യമങ്ങളിൽ പടരുന്ന ചീഞ്ഞ അധിക്ഷേപങ്ങളെ സധൈര്യം നേരിടാൻ ചിന്തയ്ക്ക് കഴിയും. ചിന്തയുടെ രാഷ്ട്രീയപ്രസ്ഥാനവും സഹപ്രവർത്തകരും ജീവിത സാഹചര്യവും അതിനു ധൈര്യം പകരുക തന്നെ ചെയ്യും.പക്ഷെ ഈ ആക്രമണങ്ങൾ അഴിച്ചുവിടുന്നവർക്ക് എന്നാണ് ഇനി നേരം വെളുക്കുക ?
Post Your Comments