KeralaLatest NewsNews

അജ്ഞാത സ്ത്രീ എത്തി മരങ്ങളില്‍ മഞ്ഞയും ചുവപ്പും കളറുകളില്‍ പെയിന്റ് അടിച്ചതില്‍ ദുരൂഹത: പൊലീസ് അന്വേഷണം ആരംഭിച്ചു

കുമരകം: വീടിനു സമീപത്തെ മരങ്ങളില്‍ അജ്ഞാത സ്ത്രീ എത്തി പെയിന്റ് അടിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കുമരകം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആറ്റുചിറ കുമാരി ശശിയുടെ വീടിന്റെ പിന്നിലുള്ള പുളിമരത്തിലും ഇല്ലി മരത്തിലുമാണു മഞ്ഞയും ചുവപ്പും ചേര്‍ന്നുള്ള നിറത്തിലെ പെയിന്റ് അടിച്ചത്. രണ്ടാം തവണ പെയിന്റ് അടിക്കാന്‍ എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന 10 വയസ്സുകാരി കണ്ടതോടെ സ്ത്രീ ഓടി രക്ഷപ്പെട്ടു.

Read Also: കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക്, വിശദവിവരങ്ങൾ അറിയാം

പ്രായമായ കുമാരി ശശിയ്‌ക്കൊപ്പം മകള്‍ ഇന്ദുലേഖയും കൊച്ചുമകള്‍ അനുഗ്രഹയും മാത്രമാണു താമസം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പു ഒരു വീട്ടിലെ മരത്തില്‍ ഇതേ രീതിയില്‍ പെയിന്റ് കണ്ടതായും പിന്നീട് ഈ വീട്ടില്‍ മോഷണം നടന്നതായും അറിഞ്ഞതോടെ കുമാരിയും കുടുംബവും ഭീതിയിലായി.

രണ്ടാഴ്ച മുന്‍പാണു ആദ്യം മരങ്ങളില്‍ പെയിന്റ് അടിക്കുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ പെയിന്റ് അടിച്ചത് ആരെന്നു കണ്ടിരുന്നില്ല. മോഷണത്തിനു വേണ്ടി അടയാളപ്പെടുത്തിയത് ആകാമെന്നു കരുതി കുമാരി മരത്തില്‍ നിന്ന് പെയിന്റ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തലയില്‍ തുണി കൊണ്ടു മൂടി മുഖം മാത്രം കാണാവുന്ന രീതിയില്‍ എത്തിയ സ്ത്രീ പെയിന്റ് അടിക്കാന്‍ ശ്രമിക്കുന്നത് കൊച്ചുമകള്‍ അനുഗ്രഹയുടെ ശ്രദ്ധയില്‍പ്പെട്ടു. മുത്തശ്ശിയും അമ്മയും ജോലിക്കു പോയതിനാല്‍ അനുഗ്രഹ മാത്രമാണു അന്ന് വീട്ടിലുണ്ടായിരുന്നുള്ളൂ.

വീടിന്റെ പിന്നില്‍ എന്തോ ശബ്ദം കേട്ടാണു അനുഗ്രഹ എത്തുന്നത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന സ്ത്രീ ഓടി പോകുകയുമായിരുന്നു . മരത്തില്‍ നിന്ന് ചീകിക്കളഞ്ഞ ഭാഗത്ത് തന്നെ വീണ്ടും പെയിന്റ് അടിക്കാന്‍ സ്ത്രീ എത്തിയതോടെ വീട്ടുകാര്‍ കൂടുതല്‍ ഭയത്തിലായി.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം സ്മിത സുനില്‍ സ്ഥലത്ത് എത്തി. തുടര്‍ന്നു കുമാരി പോലീസില്‍ പരാതി നല്‍കി. വീടിനു സമീപത്തെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button