കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരായ വിഷ്ണു, അഭിലാഷ്, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റേതാണ് നടപടി. ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി കഴിഞ്ഞ ദിവസമാണ് മൂവരും പിടിയിലായത്.
ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ വിമാനത്തിൽ സ്വർണ്ണവുമായി എത്തിയ ഫാസിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ച് എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരനായ അഭിലാഷിന് കൈമാറി. എന്നാല്‍, ഫാസിൽ സ്വർണ്ണവുമായി എത്തുന്നുണ്ടെന്ന് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരും പരിശോധനയ്‌ക്ക് എത്തുകയായിരുന്നു.
ആ സമയം അവിടെയെത്തിയ ഉദ്യോഗസ്ഥർ ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ സഹപ്രവർത്തകനായ വിഷ്ണുവിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി. തുടർന്ന് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Post Your Comments