Latest NewsNewsIndia

നിധിയെ കുറിച്ച് തങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല, ജീവിതത്തില്‍ ഒരിക്കലും അഞ്ജലി മദ്യപിച്ചിട്ടില്ല, അമ്മ രേഖാദേവി

നിധി എന്റെ മകളുടെ കൂട്ടുകാരി ആണെങ്കില്‍ അവള്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ എന്തുകൊണ്ടാണ് തനിച്ചാക്കി പോയത്

ഡല്‍ഹി: പുതുവര്‍ഷത്തിലുണ്ടായ അപകടത്തില്‍ കാറിന്റെ അടിയില്‍ കുടുങ്ങി മരിച്ച അഞ്ജലി സിംഗ്, അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന സുഹൃത്തിന്റെ ആരോപണങ്ങള്‍ തള്ളി കുടുംബം. നിധി എന്ന് പേരുള്ള കൂട്ടുകാരിയെ കുറിച്ച് തങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലെന്നും, ജീവിതത്തില്‍ ഒരിക്കലും അഞ്ജലി മദ്യപിച്ചിട്ടില്ലെന്നും അഞ്ജലിയുടെ അമ്മ രേഖാദേവി പറഞ്ഞു.

Read Also: അഹമ്മദ് അഹാംഗറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു: നടപടി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം

‘ഞങ്ങള്‍ക്ക് നിധി എന്ന് പേരുള്ള കൂട്ടുകാരിയെ കണ്ടിട്ടില്ല, അങ്ങനെ ഒരു കൂട്ടുകാരി ഉള്ളതായി അവള്‍ പറഞ്ഞിട്ടില്ല. അവര്‍ ഒരിക്കല്‍ പോലും ഈ വീട്ടില്‍ വന്നിട്ടില്ല. നിധി നുണ പറയുകയാണ്. മകള്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ല. മദ്യപിച്ച് വീട്ടില്‍ വന്നിട്ടുമില്ല. തെറ്റായ കാര്യങ്ങളാണ് നിധി പറയുന്നത്. നിധി എന്റെ മകളുടെ കൂട്ടുകാരി ആണെങ്കില്‍ അവള്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ എന്തുകൊണ്ടാണ് തനിച്ചാക്കി പോയത്. ഇതില്‍ ഗൂഢാലോചനയുണ്ട്. നിധിക്കും ഇതില്‍ പങ്കുണ്ടാകാം’,അഞ്ജലിയുടെ അമ്മ പറഞ്ഞു.

അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന ആരോപണം അഞ്ജലിയുടെ കുടുംബ ഡോക്ടറായ ഭൂപേഷും തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അഞ്ജലി മദ്യപിച്ചിരുന്നതായി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ജലിയുടെ വയറ്റില്‍ ഭക്ഷണം ഉണ്ടായിരുന്നു. അത് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഞ്ജലി മദ്യപിച്ചിരുന്നെങ്കില്‍ അക്കാര്യം തീര്‍ച്ചയായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ജലിയുടെ അമ്മാവനും നിധിയുടെ ആരോപണങ്ങള്‍ തളളി രംഗത്തെത്തി. നിധി പറയുന്നതെല്ലാം കള്ളമാണ്. ഇങ്ങനെ ഒരു അപകടം നടന്നിട്ട് അവര്‍ എന്തുകൊണ്ടാണ് പോലീസിനെയോ ഞങ്ങളെയോ വിവരം അറിയിക്കാതിരുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരാണെന്നും അമ്മാവന്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button