ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് സന്തോഷം നൽകുന്ന നടപടിയുമായി ഇന്ത്യൻ സർക്കാർ. പാക് ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള സ്പോൺസർഷിപ്പ് നയത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ, പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക് സ്പോൺസർഷിപ്പ് ഇല്ലാതെ ഇനിമുതൽ ഇന്ത്യയിലേക്ക് വരാം.
പാകിസ്ഥാനിലുള്ള പല ഹിന്ദുക്കളുടേയും അവസാന ആഗ്രഹം മരണ ശേഷം അവരുടെ ചിതാഭസ്മം പുണ്യ നദിയായ ഗംഗയിൽ നിമജ്ജനം ചെയ്യണമെന്നാണ്. എന്നാൽ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ചിതാഭസ്മം കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് സുപ്രധാന ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നത്. ഇനി പാക്കിസ്ഥാനിലുള്ള ഹിന്ദുക്കൾക്ക് ചിതാഭസ്മം ഹരിദ്വാറിലെത്തി നിമജ്ജനം ചെയ്യാം. ഇതിനായി പാകിസ്ഥാൻ ഹിന്ദുക്കൾക്ക് 10 ദിവസത്തെ വിസ ലഭിക്കും.
പാകിസ്ഥാനിൽ നിന്നും ഹിന്ദു ഭക്തരെ സ്പോൺസർഷിപ്പില്ലാതെ രാജ്യത്തേയ്ക്ക് വരാൻ അനുവദിച്ചിരുന്നില്ല. കേന്ദ്രസർക്കാരിന്റെ മുൻ നയമനുസരിച്ച്, മരിച്ച ഒരു പാകിസ്ഥാൻ ഹിന്ദുവിന്റെ കുടുംബാംഗത്തിന് ഇന്ത്യയിൽ താമസിക്കുന്ന അവരുടെ ബന്ധുവിൽ നിന്നോ അടുത്ത സുഹൃത്തിൽ നിന്നോ ആരെങ്കിലും സ്പോൺസർ ചെയ്താൽ മാത്രമേ ഇന്ത്യയിലേക്ക് വരാൻ വിസ ലഭിക്കമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ തങ്ങളുടെ കുടുംബാംഗങ്ങളുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ഹിന്ദു കുടുംബങ്ങൾക്കും 10 ദിവസത്തേക്ക് ഇന്ത്യൻ വിസ നൽകും.
2011 മുതൽ 2016 വരെ 295 പാകിസ്ഥാൻ ഹിന്ദുക്കളുടെ ചിതാഭസ്മം വാഗാ അതിർത്തിയിൽ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ ഇനിമുതൽ മരിച്ചയാളുടെ കുടുംബത്തിലെ ഒരാൾക്ക് ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ടുപോയി ഗംഗയിൽ നിമജ്ജനം ചെയ്യാനാകും.
ഇതു പ്രകാരം പാക്കിസ്ഥാനിലെ 426 ഹിന്ദുക്കളുടെ ചിതാഭസ്തം ഹരിദ്വാറിലെ ഗംഗാ നദിയിൽ നിമജ്ജനം ചെയ്യും. നിലവിൽ ഈ അസ്ഥികൾ കറാച്ചിയിലേയും മറ്റ് സ്ഥലങ്ങളിലേയും ചില ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജ്യത്തെ ഹിന്ദുക്കൾക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാരിന്റെ വലിയ ചുവടുവെപ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗംഗാ നദിയിൽ നിമജ്ജനം ചെയ്യാനായി നൂറുകണക്കിന് ആളുകളുടെ അസ്ഥികൾ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കറാച്ചിയിലെ സോൾജിയർ ബസാറിൽ സ്ഥിതി ചെയ്യുന്ന ശ്രീ പഞ്ച്മുഖി ഹനുമാൻ മന്ദിറിലെ അംഗം രാം നാഥ് പറഞ്ഞു. ഒരുനാൾ ഈ അസ്ഥികൾ ഗംഗാനദിയിൽ നിമജ്ജനം ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കുടുംബങ്ങൾ. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ഇക്കാര്യത്തിൽ ഏറെ നാളായി ചർച്ചകൾ നടന്നു വരികയാണെന്ന് ശ്രീ രാംനാഥ് പറഞ്ഞു. ഇപ്പോഴിതാ അവരുടെ ഭാഗത്തുനിന്നും ഈ സന്തോഷവാർത്ത ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ഓരോ പാകിസ്ഥാനി ഹിന്ദുവിനും തന്റെ ജനങ്ങളുടെ അവസാന ആഗ്രഹം നിറവേറ്റാൻ അവകാശമുണ്ടെന്ന് ശ്രീ രാം നാഥ് പറഞ്ഞു.
Post Your Comments