കൊച്ചി : നാലുമാസമായി ഉയര്‍ന്നു നിന്ന കുത്തരിവില കുറഞ്ഞു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മട്ട വടിയരി നെല്ലുല്‍പാദനം വര്‍ധിച്ചതോടെയാണ് വില കുറയാനാരംഭിച്ചത്. സംസ്ഥാനത്ത് മില്ലുടമകള്‍ പുതിയ നെല്ല് സംഭരിച്ച് അരിയാക്കി വില്‍ക്കാനാരംഭിച്ചു. മട്ട വടിയരിക്ക് കിലോയ്ക്ക് 60 മുതല്‍ 67 രൂപ വരെ എത്തിയിരുന്നത് നിലവില്‍ 50 മുതല്‍ 58 രൂപയിലേക്ക് ചില്ലറവില എത്തിക്കഴിഞ്ഞു. ഒരു കിലോയില്‍ പത്തുരൂപയോളമാണ് കുറഞ്ഞിട്ടുള്ളത്.
പുതുവത്സരത്തില്‍ നെല്‍ ലഭ്യത വര്‍ധിക്കുമ്പോള്‍ അരിവില ഇനിയും താഴുമെന്നാണ് സൂചന. സംസ്ഥാനത്ത് മട്ട(ഉണ്ട)യരിക്ക് കിലോയ്ക്ക് 43 മുതല്‍ 47 വരെ രൂപയിലേക്ക് താണിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിലവിലെ നെല്‍കൃഷിയുടെ 50 ശതമാനം മട്ട വടി നെല്ലായതുകൊണ്ടാണ് ഇക്കുറി ഒറ്റയടിക്ക് വില കുറയാന്‍ ഇടയാക്കിയത്. അവിടങ്ങളില്‍ നിലവിലെ സീസണില്‍ ഉല്‍പ്പാദനം മികച്ചതാണ്.
സംസ്ഥാനത്ത് ഒരു വര്‍ഷം 40 ലക്ഷം ടണ്‍ അരിയാണ് വില്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ മട്ടയരി(കുത്തരി)യാണ് വില്‍പനയില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ജയ, പച്ചരി എന്നിവ വിപണി പിടിച്ചെടുത്തതോടെ കുത്തരിയുടെ ഡിമാന്‍ഡ് കുറഞ്ഞു. തന്മൂലം മട്ടയരിയുടെ വിപണി വിഹിതം കുറഞ്ഞിട്ടുണ്ട്. അതില്‍ത്തന്നെ വന്‍കിട ബ്രാന്‍ഡ് അരികളുടെ വില്‍പന ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. 60 ശതമാനത്തോളമാണ് ബ്രാന്‍ഡഡ് അരിയുടെ വില്‍പനയിലെ ഇടിവ്.
Post Your Comments