കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലോത്സവത്തിൽ 239 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം രൂപ നൽകും.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി കർത്താക്കളുടെ വിധി നിർണ്ണയത്തിന് എതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും അതിന്റെ നൃത്താവിഷ്‌കാരവും
ഒരുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കലോത്സവത്തിനെത്തുന്ന കുട്ടികളെയും, വിശിഷ്ട വ്യക്തികളേയും സ്വീകരിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും തയ്യാറായി.
കലോത്സവത്തിനായി തയ്യാറാക്കിയ കൊടിമരത്തിൽ ജനുവരി 3 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്. ഗവൺമെന്റ് മോഡൽ സ്‌കൂൾ ജനുവരി 2ന് രാവിലെ 10.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിനായി ഒരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 20 സ്‌കൂളുകൾ
സജ്ജമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കുക. എല്ലാ അക്കോമഡേഷൻ സെന്ററുകളിലും ടീച്ചേഴ്‌സ്, എസ്.എസ്.കെ സ്റ്റാഫ് എന്നിവർ രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കും. കൂടാതെ പോലീസ്, എസ്.പി.സി കേഡറ്റ് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സെന്ററുകളിലും മത്സരവേദികൾ, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദർശിപ്പിക്കും.
മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. അതിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യവും
ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നത്. പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ലീനിംഗിനായി കോർപ്പറേഷന്റെ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് വേദികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരയിനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രോഗ്രാം ഒഫിഷ്യൽസിനും ഫോട്ടോ പതിച്ച ഐഡി കാർഡ് നൽകും. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments