കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 1,700 പൊലീസുകാരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘങ്ങളുമുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കി. മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടം അനുവദിക്കില്ല.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത ലഹരി മരുന്നുകളുടെ വിൽപന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധന ഊർജിതമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക പട്രോളിങ് സംഘങ്ങളുമുണ്ടാകും. മദ്യ നിർമാണം, ചാരായ വാറ്റ്, സെക്കൻഡ്സ് മദ്യ വിൽപന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിൽ വിൽപന നടത്തുന്ന മദ്യത്തിന്റെ സാംപിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കും. ആഘോഷം നടക്കുന്നതിനിടെ ശല്യമുണ്ടാക്കുന്നവരെ നിരീക്ഷിക്കാൻ മഫ്തി പൊലീസിനെ വിന്യസിക്കും.
അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാർ, ലഹരി വിൽപനക്കാർ, ഗുണ്ടകൾ തുടങ്ങിയവരും കേസുകളിൽ ജാമ്യമെടുത്തവരും നിരീക്ഷണത്തിലായിരിക്കും. ന്യൂ ഇയർ, ഡിജെ പാർട്ടികൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Post Your Comments