കൊച്ചി: ശബരിമലയിൽ വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും ഒരുപോലെ വരാമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മുസ്ലിമിനും ക്രിസ്ത്യാനിക്കും വരാമെന്നും, ജാതിയും മതവും ശബരിമലയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം തരുന്ന സഹായങ്ങൾക്കെല്ലാം നന്ദി പറയാനും അദ്ദേഹം മറന്നില്ല. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഇവിടെ ജാതിയില്ല , മതം ഇല്ല, ഒരു തരത്തിൽ ഉള്ള വേർതിരിവും ഇല്ല, വേർതിരിവ് പാടില്ല. ഇവിടെ പ്രത്യേകിച്ച് ആചാര അനുഷ്ഠാനങ്ങൾ ഇല്ല, ആർക്കും വരാം, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും വരാം. വിശ്വാസിക്കും വരാം , വിശ്വാസം ഇല്ലാത്തവർക്കും വരാം. ഷർട്ട് ധരിച്ചവർക്കും ധരിക്കാത്തവർക്കും വരാം. അത് ഒരു ഉയർന്ന സങ്കൽപം ആണ്..ഇവിടെ എത്തിച്ചേരുന്ന ലക്ഷക്കണക്കിനാളുകളെ നിയന്ത്രിക്കുക പോലീസിനെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യമല്ല. .ഇവിടെ എത്തുന്ന ഓരോ ഭക്തനും സ്വയം നിയന്ത്രിക്കുന്നവരാണ്. സ്വയം നിയന്ത്രിക്കാൻ ആവുക എന്നത് മനുഷ്യൻറെ ഉന്നതമായ ഒരു അവസ്ഥയാണ്. ആ ഉന്നത സങ്കല്പം ആണ് ഇവിടെ. ആ ഒരു സങ്കൽപം ആണ് വളർന്നു വരേണ്ടത്.
കേന്ദ്രം തരുന്ന സഹായങ്ങൾക്കെല്ലാം നന്ദി , സഹായം തന്നിട്ടില്ല എന്ന് പറയുന്നില്ല, നിഷേധിക്കുന്നില്ല. നാടിൻറെ വികസനമാണ് ലക്ഷ്യം. ശബരിമലയിലെത്തി ഓരോരുത്തരും സുഖമായി ദർശനം നടത്തി മടങ്ങി പോകുന്നത് ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ വിജയമല്ല , അത് നാടിൻറെ ഒരു വിജയമാണ്’, മന്ത്രി പറഞ്ഞു.
Post Your Comments