തിരുവനന്തപുരം: ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്. എസ്.എഫ്.ഐ നേതാവാകാൻ തന്റെ യഥാർത്ഥ പ്രായം മറച്ചുവെയ്ക്കാൻ തന്നെ നിർദ്ദേശിച്ചത് ആനാവൂർ ആണെന്നാണ് അഭിജിത്ത് പറയുന്നത്. അഭിജിത്തിന്റെ ഈ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. എന്നാൽ, തനിക്കൊന്നും അറിയില്ലെന്നും താൻ ആരോടും പ്രായം കുറച്ച് പറയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആനാവൂർ വിശദീകരിച്ചു.
സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ് ജെ.ജെ അഭിജിത്ത്. എസ് എഫ് ഐ നേതാവാകാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്. പ്രായം കുറച്ചു പറഞ്ഞ് ജില്ലാ സെക്രട്ടറിയായി. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ കൈവശമുണ്ട്. പ്രായം കുറച്ച് പറയാൻ ഉപദേശിച്ചത് സിപിഎം ജില്ലാ സെകട്ടറി നാഗപ്പൻ സഖാവാണ്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. 26 വയസ് വരെ മാത്രേ എസ്എഫ്ഐയിൽ നിൽക്കാനാവൂ. എനിക്ക് 30 വയസായി. ഞാൻ 1992 ലാണ് ജനിച്ചത്. വെട്ടിക്കളിക്കാൻ ആരുമില്ല. പഴയതുപോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ലെന്നും അഭിജിത്ത് ഈ ശബ്ദരേഖയിൽ പറയുന്നുണ്ട്.
ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി അഭിജിത്ത് മദ്യപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും നടപടിയെടുത്തത്. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം.
Post Your Comments