തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെ. ക്രൈംബ്രാഞ്ചിന് മൊഴി നേരിട്ട് നൽകിയെന്നായിരുന്നു ആനാവൂർ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്. നേരിട്ട് വരുമെന്ന് കരുതി കാത്തിരുന്ന ക്രൈംബ്രാഞ്ച് ഒടുവിൽ ഫോണിൽ കൂടിയാണ് ആനാവൂരിന്റെ മൊഴി രേഖപ്പെടുത്തിയത്.
നേരിട്ടുള്ള മൊഴിക്കു വേണ്ടി ആനാവൂരിന്റെ സമയം കാത്തു മടുത്ത ക്രൈംബ്രാഞ്ച് ഒടുവിൽ ഫോണിൽ പറഞ്ഞതു മൊഴിയാക്കിയാൽ മതി എന്ന അദ്ദേഹത്തിന്റെ നിർദേശം അംഗീകരിക്കുകയായിരുന്നു. വിഷയത്തിൽ ആനാവൂരിന്റെ കള്ളത്തരവും ക്രൈംബ്രാഞ്ചിന്റെ ഉരുണ്ടുകളിയും പുറത്തുവരികയാണ്. ഫോണിലൂടെ നടത്തിയ സംഭാഷണം മൊഴിയായി കണക്കാക്കി ക്രൈംബ്രാഞ്ച് മേധാവിക്കു റിപ്പോർട്ട് നൽകുമെന്ന് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനൻ പറഞ്ഞു.
ആര്യ അയച്ചു എന്ന് പറയപ്പെടുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിഉർന്നു ആനാവൂരിന്റെ മൊഴി. മൊഴിയെടുക്കുമ്പോൾ മൊഴി നൽകുന്നയാളുടെ തിരിച്ചറിയൽ, ശരീര ഭാഷ, സ്വതന്ത്രനായാണോ സംസാരിക്കുന്നത് എന്നീ കാര്യങ്ങൾ പ്രധാനമാണ്. അതിനാണ് നേരിട്ട് മൊഴി എടുക്കുന്നത്. പ്രതിയോ സാക്ഷിയോ രാജ്യത്തിനു പുറത്താണെങ്കിൽ മാത്രം വീഡിയോ ക്യാമറയിൽ മൊഴിയെടുക്കാറുണ്ട്. ഇത് രണ്ടും അല്ലെന്നിരിക്കെ ഫോണിൽ കൂടി ആനാവൂരിന്റെ മൊഴി രേഖപ്പെടുത്താമെന്ന ക്രൈംബ്രാഞ്ചിന്റെ അന്തിമ തീരുമാനം ദുരൂഹതയുണർത്തുന്നുണ്ട്.
Post Your Comments