കൊച്ചി: കോടികളുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധിക ക്ഷമാപണം നടത്തി. ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായി ക്ഷമാപണം നടത്തുകയായിരുന്നു. റവന്യു റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചു സർക്കാർ നൽകിയ സത്യവാങ്മൂലം കോടതി ഫയലിൽ സ്വീകരിച്ചു.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി, ഇഡി എന്നിവർ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിൽ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ കടുത്ത അനാസ്ഥയാണ് കാണിച്ചത്. ഇതോടെ രൂക്ഷമായ വിമർശനമാണു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
കണ്ണിന് നൽകാം അല്പം കരുതൽ; പരിപാലിക്കാൻ ചില മാർഗങ്ങൾ
തുക ഈടാക്കുന്നതിനുള്ള സമയപരിധി ജനുവരി 31ൽ കൂടുതൽ നീട്ടി നൽകാനാവില്ലെന്നും സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡിഷനൽ സെക്രട്ടറി നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു. ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ചത് ചെറുതായി കാണാനാവില്ലെന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Post Your Comments