ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം താറുമാറാക്കി ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും. രാജ്യത്ത് 2300 വിമാനങ്ങള്‍ റദ്ദാക്കി. ബസ്, ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു. ഷിക്കാഗോയിലും ഡെന്‍വറിലുമണ് ആഘാതം കൂടുതല്‍. ജാഗ്രത പാലിക്കണമെന്നു 10 കോടിയിലധികം ജനങ്ങള്‍ക്കു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസ് ദിനങ്ങളാണ് വരുന്നതെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ മിക്കയിടത്തും ശീതക്കാറ്റ് ആശങ്കയില്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ യാത്രകള്‍ക്കു തയാറെടുക്കുമ്പോഴാണു ശീതക്കാറ്റും മഞ്ഞുവീഴ്ചയും നിമിത്തം കടുത്ത നിയന്ത്രണങ്ങള്‍ വരുന്നത്.
ഫ്‌ളോറിഡയില്‍പ്പോലും കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ ക്രിസ്മസ് ദിനങ്ങളാണു വരാന്‍ പോകുന്നതെന്നാണു കാലാവസ്ഥാ പ്രവചനം. കനത്ത മഞ്ഞുവീഴ്ചയ്ക്കു പുറമെ കനത്ത കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാനഡയില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്താകമാനം 5300ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ‘ഫ്‌ളൈറ്റ് അവെയ്‌റി’നെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഷിക്കാഗോ വിമാനത്താവളത്തിലും വിമാനങ്ങള്‍ റദ്ദാക്കി. യാത്രാദുരിതം കണക്കിലെടുത്ത് യുണൈറ്റഡ്, ഡെല്‍റ്റ, അമേരിക്കന്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്ര പുനര്‍ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടിക്കറ്റ് നിരക്ക് കുറച്ചു.
റോഡ് ഗതാഗതവും താറുമാറായ സ്ഥിതിയിലാണ്. കോളോറാഡോ വ്യോമിങ് അതിര്‍ത്തിയോടു ചേര്‍ന്ന പാത ബുധനാഴ്ച കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചിട്ടു.
Post Your Comments