കൊച്ചി: ഇലന്തൂർ നരബലി കേസിൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത നിർണായക വിവരങ്ങൾ വീണ്ടെടുത്ത് പൊലീസ്. ഫേസ്‌ബുക്ക് മെസഞ്ചർ, വാട്ട്‌സ്‌ആപ്പ് തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു. റോസിലിയെ കട്ടിലിൽ ചേർത്തുകെട്ടി നരബലിക്കായി കിടത്തിയിരിക്കുന്ന നിർണായക തെളിവാണ് ഫേസ്‌ബുക്ക് മെസഞ്ചറിൽനിന്നു പൊലീസ് വീണ്ടെടുത്തത്. ഇലന്തൂരിൽ നടന്നതു നരബലി തന്നെയാണെങ്കിലും ഷാഫിയുടെ ഉദ്ദേശ്യം നരബലിയല്ലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നരബലിയുടെ മറവിൽ ഷാഫി നടത്തിയതു ലൈംഗിക വൈകൃതങ്ങളാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ ലക്ഷ്യം പണം സമ്പാദനമായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കൊലപ്പെടുത്തും മുമ്പു ഇരുവരെയും ഷാഫി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. മറ്റു രണ്ടു പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു ഇതു ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകൾ കണ്ടുകിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. അതേസമയം പദ്‌മയുടെ മൊബൈൽ ഫോൺ ഇനിയും ലഭിച്ചില്ലെന്നത് അന്വേഷണ സംഘത്തിന് ക്ഷീണമായി. റോസിലിയുടെ മൊബൈൽ ഫോൺ ആലപ്പുഴ ഭാഗത്തുവച്ചു വലിച്ചെറിഞ്ഞു കളഞ്ഞതു തെളിവെടുപ്പിനിടെ ഷാഫി പോലീസിനു കാണിച്ചു കൊടുക്കുകയും അന്വേഷണസംഘം അത് വീണ്ടെടുക്കുകയും ചെയ്തിരുന്നു.
പ്രതികളുടെയും ഇരകളുടെയും കോൾ റെക്കോഡുകൾ വിശദമായി പരിശോധിച്ചു. ഇവരുമായി ബന്ധപ്പെട്ടിരുന്നവരെയെല്ലാം പോലീസ് വിളിച്ചു. ഇവരിൽ സ്ഥിരം കസ്‌റ്റമർമാരുമുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. മുഖ്യപ്രതി ഷാഫി അഞ്ച് സിംകാർഡും രണ്ടു മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നു എന്നാണ് മൊഴി നൽകിയതെന്നും എന്നാൽ ഒരു ഫോൺ ഭാര്യ എറിഞ്ഞുടച്ചു എന്നും ഷാഫി വ്യക്തമാക്കിയിരുന്നു.
കേരളം നടുങ്ങിയ ഇലന്തൂർ ഇരട്ട നരബലിക്കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുന്ന സാക്ഷിപ്പട്ടികയിൽ 150ലേറെപ്പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ എല്ലാ സാക്ഷികളെയും വിസ്‌തരിക്കില്ലെങ്കിലും വിശദമായ മൊഴി രേഖപ്പെടുത്തുവാനുള്ള നീക്കങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാൽ, ശാസ്‌ത്രിയ തെളിവുകളെ പരമാവധി ആശ്രയിക്കാനാണു പോലീസിൻ്റെ ശ്രമം. വിചാരണയ്‌ക്കു മുമ്പായി ചില സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനുള്ള നീക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. കൊല്ലപ്പെട്ട റോസിലിയും പദ്‌മയുമായി ഷാഫിക്കു സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുണ്ടെന്നുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
കേസിൻ്റെ കാര്യത്തിൽ ഇപ്പോഴും ചില പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. അതിൽ പ്രധാനം ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചതിനു ദൃക്‌സാക്ഷികളില്ലെന്നുള്ളതാണ്. ഇവിടെ പ്രതികളുടെ കുറ്റസമ്മതമൊഴിയും ഡിഎൻഎ- ഫിംഗർപ്രിൻ്റ് ഫലങ്ങളെയുമാണ് അന്വേഷണ സംഘം ആശ്രയിക്കുന്നത്. രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും നൽകിയ മൊഴികൾ നിർണായകമാണ്. ഇവരുടെ മൊഴി ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും സമ്മതിച്ചിട്ടുണ്ടെന്നുള്ളത് അന്വേഷണ സംഘത്തിന് മറ്റൊരു പിടിവള്ളി കൂടിയാണ്.
ഭഗവൽസിംഗിൻ്റെ വീട്ടുപരിസരത്ത് നിന്നും ലഭിച്ച എല്ലാ ശരീരഭാഗങ്ങളും വിശദമായ ഡിഎൻഎ പരിശോധനയ്‌ക്കു നൽകിയിരുന്നു. ശക്‌തമായ ഡിഎൻഎ തെളിവിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾക്കു പരമാവധി ശിക്ഷ വാങ്ങികൊടുക്കാൻ കഴിയുമെന്നാണു പോലീസിൻ്റെ കണക്കുകൂട്ടൽ. കൊല സംശയാതീതമായി തെളിയിക്കാൻ പരമാവധി ശരീരഭാഗങ്ങളുടെ പരിശോധനാ ഫലം വേണമെന്ന നിയമോപദേശം പൊലീസിന് ലഭിച്ചിരുന്നു.
ചില ഭാഗങ്ങളുടെ ഫിംഗർപ്രിന്റ് ലഭിച്ചിട്ടില്ലെന്നുള്ളത് അന്വേഷണ സംഘത്തിന് പ്രതിസന്ധിയുയർത്തുന്നുണ്ട്. എന്നാൽ ഫിംഗർപ്രിൻ്റ് ലഭിക്കാത്ത ശരീരഭാഗങ്ങളുടെ അംശം മറ്റൊരു ലാബിൽ പ്രത്യേകം പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും അതിൻ്റെ ഫലം കോടതിയിൽ നിർണ്ണായകമാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അതേസമയം അന്വേഷണ സംഘം വളരെ കരുതലോടെയാണ് മുന്നോട്ടു പോകുന്നത്. ഈ കുറ്റകൃത്യത്തിൽ ഒരു തെളിവും വിട്ടുകളയരുതെന്ന നിർബന്ധ ബുദ്ധിയോടെ തന്നെയാണ് അന്വേഷണ സംഘം ഈ കേസിനൊപ്പം നീങ്ങുന്നത്.
Post Your Comments