പത്തനംതിട്ട: നരബലിയില്‍ നിന്ന് തലനാരിഴക്ക് ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടക് സ്വദേശിനിയായ യുവതി. തിരുവല്ലയില്‍ ഡിസംബര്‍ എട്ടിനായിരുന്നു നരബലിക്ക് ശ്രമം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ എത്തിയ യുവതിയാണ് നരബലിയില്‍ നിന്ന് രക്ഷപ്പെട്ടത്. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് കഴിഞ്ഞ് പോയതെന്ന് യുവതി പറഞ്ഞു.
ഇത് തന്റെ രണ്ടാം ജന്മമാണ് എന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഗുണ്ടകളുടെ കൈയിലുണ്ടാകുന്ന തരത്തിലുള്ള വലിയ വടിവാള്‍ കത്തി കൊണ്ടാണ് മന്ത്രവാദി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചത് എന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം എന്നും യുവതി പറയുന്നു. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷമാണ് വീണ്ടും തിരുവല്ലയില്‍ നരബലി ശ്രമം ഉണ്ടായെന്ന വാര്‍ത്ത പുറത്ത് വന്നത്.
തിരുവല്ല കുറ്റപ്പുഴയിലെ ആഭിചാര കേന്ദ്രത്തില്‍ ആയിരുന്നു നരബലി ശ്രമം. കുടക് സ്വദേശിയും നിലവില്‍ കൊച്ചിയില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയാണ് ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ മന്ത്രവാദിയെ അഭയം പ്രാപിച്ചത്. കൊച്ചിയില്‍ താമസിക്കുന്ന യുവതി ചില പ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവുമായി അകന്ന് നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ഇവര്‍ കോട്ടയത്ത് എത്തുന്നതും അമ്പിളി എന്ന് പറയുന്ന സ്ത്രീയെ പരിചയപ്പെടുന്നതും.
ഇതിന് പ്രശ്നപരിഹാരം ചെയ്യാം തിരുവല്ലയില്‍ പൂജയുണ്ട് എന്നാണ് അമ്പിളി യുവതിയോട് പറഞ്ഞത്. തുടര്‍ന്ന് കൊച്ചിയില്‍ എത്തിയ ശേഷം യുവതിയെ അമ്പിളി ഫോണില്‍ ബന്ധപ്പെട്ടു. തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ യുവതി എത്തിയ ശേഷം അമ്പിളി തന്നെയാണ് ഓട്ടോ വിളിച്ച് യുവതിയെ കൊണ്ടുവരുന്നത്. വൈകീട്ട് പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ ഒരു വീട്ടില്‍ എത്തിച്ചു. ഉച്ചക്ക് ശേഷം പൂജാരി എന്ന് പറയുന്ന ആള്‍ ഈ വീട്ടില്‍ എത്തി.
തുടര്‍ന്ന് കളം വരച്ച് യുവതിയുടെ ശരീരത്തില്‍ മാല ചാര്‍ത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ എല്ലാം നിന്റെ നല്ലതിന് വേണ്ടി എന്നാണ് പൂജാരി പറഞ്ഞത്. തുടര്‍ന്ന് വലിയ വാളെടുത്ത് യുവതിയുടെ മുന്നിലേക്ക് വെച്ചു. എന്നിട്ട് നിന്നെ കൊന്നാല്‍ മാത്രമെ പൂജക്ക് ഫലസിദ്ധി ഉണ്ടാകുകയും ചെയ്യൂ എന്ന് യുവതിയോട് പറഞ്ഞത്. ഇതേസമയത്ത് അമ്പിളിയുടെ പരിചയക്കാരന്‍ അവിടെ എത്തുകയും യുവതി അയാളോട് സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.
തുടര്‍ന്ന് കൊച്ചിയിലെത്തിയ യുവതി സുഹൃത്തുക്കളോട് പറഞ്ഞതിന് പിന്നാലെ ആണ് സംഭവം പുറത്തായത്. അമ്പിളി നേരത്തെ എം ഡി എം എ കേസില്‍ പൊലീസ് സംശയിച്ച ആളാണ്.
പൂജ നടത്താന്‍ 20001 രൂപ കൊണ്ടുവരണം എന്ന് അമ്പിളി ആവശ്യപ്പെട്ടിരുന്നു. ഈ തുകയുമായാണ് യുവതി ഇവിടെ എത്തിയത്. എന്നാല്‍ യുവതി ഇവിടെ നിന്ന് പോയ ശേഷം ആ പണം ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് തിരിച്ച് അയച്ച് കൊടുത്തിട്ടുമുണ്ട്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ചിന് പൊലീസ് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. നരബലി ശ്രമത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments