റിയാദ്: മറ്റൊരു തൊഴിൽ മേഖല കൂടി സ്വദേശിവത്ക്കരിക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്ത് കസ്റ്റമർ കെയർ തൊഴിലുകൾ പൂർണമായും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദിവത്കരണം നടത്താൻ അനുവദിച്ച സമയപരിധി അവസാനിച്ച ഘട്ടത്തിലാണ് മന്ത്രാലയം ഇത്തരമൊരു അറിയിപ്പ് നൽകിയത്.
സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതോടെ ഫോൺ മുഖേന ഉപഭോക്താക്കളുമായി സംവദിക്കുന്ന തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കസ്റ്റമർ കെയർ സർവ്വീസ് പ്രൊഫഷനുകളിൽ നൂറു ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഇത്തരം സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിലും സൗദികളെ നിയമിക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം സൗദി അറേബ്യ പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. 2022 ഡിസംബർ 17, ശനിയാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ പതിനാല് പോസ്റ്റൽ സേവനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കും. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ക്ലീനിംഗ്, ലോഡിംഗ് മുതലായ തൊഴിലുകളെ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇ-ഡെലിവറി, എക്സ്പ്രസ് മെയിൽ, പോസ്റ്റൽ റൂം മാനേജ്മന്റ്, സ്വകാര്യ പോസ്റ്റൽ സേവനങ്ങൾ, പ്രാദേശിക തലത്തിലും, അന്താരാഷ്ട്ര തലത്തിലുമുള്ള പാർസൽ വിതരണം തുടങ്ങിയ മേഖലകളെയും തീരുമാനം ബാധിക്കും.
Post Your Comments