ന്യൂഡൽഹി: ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കും ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നത്.
Read Also: സമൂഹമാധ്യമങ്ങളിലെ വൈറൽ താരമായ കോൺഗ്രസ് സ്ഥാനാർഥി വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്
അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേർന്നിരുന്നു. ഡൽഹിയിൽ വെച്ചാണ് യോഗം ചേർന്നത്. കോവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
Read Also: കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ അംബാസിഡര്‍, വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ്
Post Your Comments