അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനൊരുങ്ങി അയൽ രാജ്യമായ ശ്രീലങ്ക. റിപ്പോർട്ടുകൾ പ്രകാരം, വോസ്ട്രോ അക്കൗണ്ടുകൾ എന്ന പേരിൽ പ്രത്യേക രൂപാ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനാണ് ശ്രീലങ്ക പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ സെൻട്രൽ ബാങ്ക് രൂപയെ വിദേശ നാണയമായി ഉപയോഗിക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അതേസമയം, റഷ്യയുമായുള്ള വ്യാപാരത്തിന് 12 വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാനുള്ള അനുമതി റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്.
നിലവിൽ, ശ്രീലങ്കയുമായുള്ള വ്യാപാരത്തിന് 5 അക്കൗണ്ടുകൾ തുറക്കാനുള്ള അനുമതിയാണ് ഉള്ളത്. കൂടാതെ, മൗറീഷ്യസുമായുളള വ്യാപാരത്തിന് ഒരു അക്കൗണ്ടിനും അനുമതി നൽകിയിട്ടുണ്ട്. നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെയാണ് വോസ്ട്രോ അക്കൗണ്ടുകൾ എന്ന് വിശേഷിപ്പിക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുന്നതോടെ, ശ്രീലങ്കക്കാർക്കും ഇന്ത്യക്കാർക്കും പരസ്പരം അന്താരാഷ്ട്ര ഇടപാടുകൾക്ക് യുഎസ് ഡോളറിന് പകരം ഇന്ത്യൻ രൂപ ഉപയോഗിക്കാൻ സാധിക്കും.
Post Your Comments