
ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാതാവികസനം ഇപ്പോഴും കൊട്ടിഘോഷിച്ചാണ് മന്ത്രിമാരും സർക്കാരും ഫേസ്ബുക്കിലും മറ്റും വിവരങ്ങൾ അറിയിക്കാറ്. എന്നാൽ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചെലവിന്റെ 25ശതമാനം വഹിക്കാമെന്ന ഉറപ്പ് കേരളം പാലിച്ചില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിൽ ഉയർന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പരാമർശം.
കേരളത്തില്‍ ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നൂറുകോടി ചെലവു വരുന്നെന്നും ഗഡ്കരി പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ തുക ഉള്‍പ്പെടെയാണിത്. ഭൂമിയേറ്റെടുക്കലിനും മറ്റും വലിയതുക വേണ്ടി വരുന്നെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
രാജ്യത്തെ ദേശീയപാതാ വികസനം സംബന്ധിച്ച വെല്ലുവിളികളെ കുറിച്ച് വിശദീകരിക്കവേയാണ് കേരളത്തിലെ സ്ഥിതിയെ കുറിച്ച് ഗഡ്കരി പറഞ്ഞത്. നേരത്തെ ദേശീയപാതാവികസനം തടസ്സപ്പെട്ടുനിന്നപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന നിര്‍ദേശം സംസ്ഥാനം തന്നെയാണ് മുന്നോട്ടുവെച്ചത്. 2019- ഒക്‌ടോബറിലാണ് സംസ്ഥാനവും കേന്ദ്രവും ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ദേശീയപാത 66-ന്റെ വികസനത്തിനു വേണ്ടിയായിരുന്നു ഇത്.
എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് സംസ്ഥാനം എത്തി. ഡിസംബര്‍ അഞ്ചാം തീയതി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. പണമില്ലെന്ന് കേരളം അറിയിച്ചപ്പോള്‍ നിര്‍മാണ സാമഗ്രികളുടെ സംസ്ഥാന ജി.എസ്.ടി. എടുത്തുകളയുക, നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ടുവെച്ചിരുന്നെന്നും ഗഡ്കരി പറഞ്ഞു.
Post Your Comments