ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്ലിന്റോഫിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച രാവിലെ ബിബിസിയുടെ ‘ടോപ്പ് ഗിയര്‍’ ഷോയുടെ പുതിയ എപ്പിസോഡിന്റെ ചിത്രീകരണത്തിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. പരിക്കേറ്റ താരത്തിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് സംഭവ സ്ഥലത്ത് വെച്ച് തന്നെ വൈദ്യസഹായം നല്‍കിയെന്നും വൈകാതെ തന്നെ ചികിത്സ ലഭ്യമാക്കിയതായും ബിബിസി വക്താവ് പറഞ്ഞു. ‘അദ്ദേഹത്തിന്റെ പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കും. ഷോയുടെ ചിത്രീകരണം മാറ്റിവച്ചു. ഫ്രെഡി സുഖം പ്രാപിക്കുന്നതിനെക്കുറിച്ചാണ് എല്ലാവരും ശ്രദ്ധിക്കുന്നത്’ ബിബിസി വക്താവ് വ്യക്തമാക്കി.
ഇയാന്‍ ബോട്ടത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് ആൻഡ്രൂ ഫ്ലിന്റോഫ്. ഇംഗ്ലണ്ടിനായി 79 ടെസ്റ്റുകളിലും 141 ഏകദിനങ്ങളിലും 7 ടി20 കളിലും കളിച്ചു. 7,000ത്തിലധികം റണ്‍സ് നേടുകയും വിവിധ ഫോര്‍മാറ്റുകളിലായി 400 വിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
Read Also:- വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്
2010ലാണ് ആന്‍ഡ്രൂ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2005ലും 2009ലും ഇംഗ്ലണ്ട് ആഷസ് പരമ്പര നേടുന്നതില്‍ ആൻഡ്രൂ ഫ്ലിന്റോഫ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് ബോക്‌സിങ്ങ് റിങ്ങില്‍ അരങ്ങേറി. ശേഷം ടി20 ലീഗുകളില്‍ സജീവമായി. അതിനിടെ സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡ് രൂപീകരിച്ചു. 2019ലാണ് ബിബിസി വണ്ണിന്റെ ടോപ് ഗിയറിന്റെ അവതാരകനാകുന്നത്.
Post Your Comments