പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് സാബു.എം.ജേക്കബ്
കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനില്‍ക്കില്ല എന്നാണ് ഹര്‍ജിയില്‍ സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.
Read Also: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി
ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ താന്‍ പങ്കെടുത്തിരുന്നില്ല എന്നും ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എംഎല്‍എയുമായി വര്‍ഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നും ഈ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ശ്രീനിജന്റെ പരാതിയില്‍ ഐക്കരനാട് പഞ്ചായത്ത് അദ്ധ്യക്ഷ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് പുത്തന്‍കുരിശ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൂന്ന് മെമ്പര്‍മാര്‍ എന്നിവരാണ് പുത്തന്‍കുരിശ് പോലീസ് എടുത്ത കേസിലെ മറ്റ് പ്രതികള്‍. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
Post Your Comments