![](/wp-content/uploads/2022/12/tatoo-news-model-2.jpg)
ഓസ്‌ട്രേലിയൻ മോഡലിനെ പോലെ ആവാൻ കണ്ണിൽ ടാറ്റൂ ചെയ്ത യുവതിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഓസ്‌ട്രേലിയൻ മോഡലായ ആംബെർ ലൂക്കിനെ പോലെയാകുന്നതിന് വേണ്ടി കണ്ണിൽ വ്യത്യസ്ത നിറം ടാറ്റൂ ചെയ്ത അയർലൻഡിൽ നിന്നുള്ള യുവതിക്കാണ് ഈ ദുർഗതി. മുന്നറിയിപ്പുകളെ അവഗണിച്ച് ടാറ്റൂ ചെയ്തതിൽ വളരെയധികം ഖേദിക്കുന്നുവെന്നാണ് ഇവർ ഇപ്പോൾ പറയുന്നത്.
അഞ്ച് മക്കളുടെ അമ്മ കൂടിയായ 32-കാരി അനായ പീറ്റേഴ്‌സൺ പലരുടെയും മുന്നറിയിപ്പുകളെ അവഗണിച്ചാണ് ടാറ്റൂ ചെയ്യാൻ പോയത്. കണ്ണിനുള്ളിൽ ടാറ്റൂ ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും, അന്ധയാകാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം യുവതി അവഗണിക്കുകയായിരുന്നു. പ്രചോദനമേകിയ ഓസ്‌ട്രേലിയൻ മോഡൽ ആംബർ ലൂക്കിനും കണ്ണിനുള്ളിൽ ടാറ്റൂ അടിച്ചത് കാഴ്ച ശക്തിയെ ബാധിക്കുകയുണ്ടായി. 2019ലായിരുന്നു പ്രശസ്ത മോഡലായിരുന്ന ലൂക്ക് രണ്ട് കണ്ണിലും വ്യത്യസ്ത നിറം ടാറ്റൂ ചെയ്തത്.
മോഡലിന് സംഭവിച്ചത് അറിഞ്ഞിട്ടും തന്റെ ലക്ഷ്യവുമായി മുന്നോട്ട് പോകുകയായിരുന്നു അനായ പീറ്റേഴ്‌സൺ എന്നതാണ് ശ്രദ്ധേയം. 2020 ജൂലൈയിൽ ആണ് അനായ തന്റെ രണ്ടു കണ്ണുകളും ടാറ്റൂ ചെയ്യുന്നത്. ഒരു കണ്ണിൽ പച്ച നിറവും മറുകണ്ണിൽ പർപ്പിൾ നിറവുമാണ് ടാറ്റൂവിനായി ഉപയോഗിച്ചത്. തുടർന്ന് ,അസഹനീയമായ തലവേദനയും കണ്ണുകൾ സദാസമയം വരണ്ടുപോകുന്ന അവസ്ഥയും യുവതിക്ക് ഉണ്ടായി.
പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം കണ്ണ് വീങ്ങി വീർക്കാൻ തുടങ്ങി. ഇതോടെ, അനായ ആശുപത്രിയിൽ എത്തി ചികിത്സ തേടി. യുവതിയുടെ കാഴ്ച ശക്തി കുറഞ്ഞുവരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. അനായ പൂർണമായും അന്ധയാകുന്നത് തടയാൻ പരിഹാര മാർഗങ്ങൾ നിർദേശിക്കാനും ഡോക്ടർമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Post Your Comments