PathanamthittaLatest NewsKeralaNattuvarthaNews

ശബരിമലയില്‍ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണം: ആവശ്യവുമായി പോലീസ്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യവുമായി പോലീസ്. പ്രതിദിനം മലചവിട്ടുന്ന ഭക്തരുടെ എണ്ണം 85,000 ആയി ചുരുക്കണമെന്നും തിരക്ക് നിയന്ത്രിക്കാന്‍ ഇത് ആവശ്യമാണെന്നും പോലീസ് നിര്‍ദ്ദേശിച്ചു. നിലവില്‍ പ്രതിദിനം 1,20,000 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുഖേന ദര്‍ശനം നടത്തുന്നതിനുള്ള അനുമതിയുണ്ട്. ദിനംപ്രതി ഇത്രയും പേര്‍ കയറിയാല്‍ തിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. 11,000 വാഹനങ്ങളാണ് കഴിഞ്ഞ ദിവസം നിലയ്ക്കലെത്തിയത്. ഇത്രയുമധികം വാഹനങ്ങള്‍ ഒരേസമയം എത്തുമ്പോള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല.

‘ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണ്, രാഷ്ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ’

ഈ സാഹചര്യത്തില്‍ ഭക്തരുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യമാണ് സന്നിധാനത്തുള്ളതെന്നും പോലീസ് പറയുന്നു. ശനിയാഴ്ച മാത്രം പതിനൊന്നായിരത്തോളം വാഹനങ്ങള്‍ നിലയ്ക്കലില്‍ എത്തിയിരുന്നു. അതിനാല്‍ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് പോലീസുകാരുടെ ആവശ്യം.

ഭക്തരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തിയാല്‍ മാത്രമേ ശബരിമലയിലെ അസൗകര്യങ്ങളെ മറികടക്കാന്‍ സാധിക്കൂവെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും വിഷയം ഹൈക്കോടതിയെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ ദര്‍ശന സമയം പുനക്രമീകരിച്ചു. ഞായറാഴ്ച മുതല്‍ രാത്രി 11.30നാണ് ഹരിവരാസനം പാടി നടയടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button